ചണ്ഡീഗഢ്: പഞ്ചാബിലെ ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ ഒരു വോട്ടിന് തോല്പിച്ച് ബിജെപിയുടെ അനൂപ് ഗുപ്ത മേയറായി. തിളക്കമാര്‍ന്ന ജയമാണ് അനൂപ് ഗുപ്ത നേടിയത്.
ഇത് രണ്ടാം തവണയാണ് ചണ്ഡീഗഢില്‍ ബിജെപി സ്ഥാനാര്‍ത്ഥി മേയറായത്. മേയര്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 29 വോട്ടുകളില്‍ ബിജെപി 15 വോട്ടുകള്‍ നേടിയപ്പോള്‍ ആം ആദ്മി 14 വോട്ടുകള്‍ നേടി. നേരത്തെ ഡപ്യൂട്ടി മേയറായിരുന്നു അനൂപ് ഗുപ്ത. 2021ലാണ് ആദ്യമായി കൗണ്‍സിലറായത്. ബിജെപിയുടെ ചണ്ഡീഗഢ് യൂണിറ്റ് ട്വിറ്ററില്‍ അനൂപ് ഗുപ്തയെ അഭിനന്ദിച്ചു.
മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ ജസ്ബീര്‍ സിങ്ങിനെയാണ് അനൂപ് ഗുപ്ത തോല്പിച്ചത്. 35 കൗണ്‍സിലര്‍മാരാണ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഉള്ളത്. ഇതില്‍ കോണ്‍ഗ്രസും ശിരോമണി അകാലിദളും വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. ചണ്ഡീഗഢ് മേയര്‍, സീനിയര്‍ ഡപ്യൂട്ടി മേയര്‍, ഡപ്യൂട്ടി മേയര്‍ എന്നീ പദവികളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഈ മൂന്ന് സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
പഞ്ചാബ് നിയസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി വിജയിച്ച ശേഷം നടന്ന ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് പ്രതീക്ഷ പകരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: