ഇസ്ലാമാബാദ്: ഇന്ത്യയുമായി ചർച്ചയ്‌ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയും പാക്കിസ്ഥാനും അയൽ രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും ഒന്നിച്ച് നിൽക്കണം. ഇന്ത്യയുമായുള്ള മുന്ന് യുദ്ധങ്ങളും തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. അൽ അറബിയ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഷഹബാസ് ഷെരീഫ് അഭ്യർത്ഥന നടത്തിയത്.
സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക. അല്ലെങ്കിൽ പരസ്പരം കലഹിക്കുകയും സമയവും വിഭവങ്ങളും പാഴാക്കുകയും ചെയ്യേണ്ടി വരും. യുദ്ധങ്ങളിലൂടെ ഞങ്ങൾ ഒരു പാഠം പഠിച്ചു. യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു.
ബോംബുകൾക്കും വെടിക്കോപ്പുകൾക്കും വേണ്ടി വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നും ഷഹബാസ് ഷെരീഫ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പാക്കിസ്ഥാൻ ഇപ്പോൾ ഭീകരതയോടും പട്ടിണിയോടും ഒരേസമയം യുദ്ധം ചെയ്യുകയാണ്. രാജ്യത്ത് ഇപ്പോൾ ഭക്ഷ്യവില കുതിച്ചുയരുകയാണ്. ജനം ഗോതമ്പ് ലോറിക്ക് പിന്നാലെ പായുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കനത്ത പോലീസ് കാവലിലാണ് ധാന്യങ്ങൾ കയറ്റിയ ട്രക്കുകൾ കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: