പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി വേഗത്തിൽ സ്വീകരിക്കുന്നില്ലെന്ന് ബിജെപി ആരോപിക്കുന്നു. കൂട് നിർമാണം പൂർത്തിയായിട്ടും മയക്കുവെടി വയ്‌ക്കാൻ എന്താണ് തടസ്സം എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.
അതേസമയം, ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെയ്‌ക്കും. പിടി 7 നെ തളയ്‌ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും. ഇന്നലെ മണ്ണാറക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയേയും കുട്ടികളേയും കണ്ടെത്തിയിരുന്നു. പ്രദേശത്ത് കൂടി സഞ്ചരിച്ച കാർ യാത്രക്കാരാണ് പുലികളെ കണ്ടത്. വനംവകുപ്പ് പുലിക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഒരുമാസം മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വളർത്തു നായയെ പുലി പിടികൂടുകയും ചെയ്തിരുന്നു. ആ പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് വെച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: