ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരില്‍ പ്രവേശിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍. കശ്മീരില്‍ കാല്‍നട യാത്ര ഒഴിവാക്കി കാറില്‍ സഞ്ചരിക്കണമെന്ന് ഏജന്‍സികള്‍ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചയാണ് യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വിശദമായ പദ്ധതികൾ തയാറാക്കിയതായും സുരക്ഷാ ഏജൻസികൾ അറിയിച്ചു. യാത്ര ശ്രീനഗറില്‍ എത്തുമ്പോള്‍ ജനക്കൂട്ടം പാടില്ലെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിലും നേതാക്കള്‍ രാത്രി താമസിക്കുന്നയിടത്തുമെല്ലാം ഏജന്‍സികള്‍ പരിശോധന നടത്തുന്നുണ്ട്.
നിലവില്‍ ഭാരത് ജോഡോ യാത്ര പഞ്ചാബിലാണ് നടക്കുന്നത്. വ്യാഴാഴ്ച കാശ്മീരിലെ കാഠ്വയില്‍ പ്രവേശിക്കും. ജനുവരി ഇരുപത്തിയഞ്ചിന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. ഇരുപത്തിയേഴിന് അനന്ത്നാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കും. രാഹുല്‍ ഗാന്ധി ശ്രീനഗറില്‍ എത്തുമ്പോൾ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാവൂ എന്നാണ് സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്.
സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ രാഹുലിനൊപ്പം നടക്കുന്നവരുടെ വിവരങ്ങള്‍ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. നിലവില്‍ ഇസഡ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് നല്‍കുന്നത്. ജനുവരി മുപ്പതിന് ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: