തിരുവനന്തപുരം: തിരുവനന്തപുരം തീരദേശത്തെ ശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ പദ്ധതിയാണെന്ന ലത്തീന്‍ കത്തോലിക്കാരൂപതയുടെ വാദം തള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി) . വലിയതുറ, ശംഖുമുഖം തുടങ്ങി തിരുവനന്തപുരം തീരദേശത്തെ കടലേറ്റത്തിനും തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖനിർമാണം കാരണമാകുന്നില്ലെന്ന് എൻഐഒടി പുറത്തിറക്കിയ ധവളപത്രം വ്യക്തമാക്കുന്നു.
ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന കലാപസമരം ഉയര്‍ത്തിയ കാരണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് എൻഐഒടി റിപ്പോര്‍ട്ട്. ഒട്ടേറെ അനാവശ്യ ഭീതികള്‍ വിഴിഞ്ഞം തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഉള്ളില്‍ അടിച്ചുകയറ്റിയായിരുന്നു ബോധപൂര്‍വ്വമുള്ള ഈ സമരം. അദാനിയായതിനാല്‍ വന്‍തുക നഷ്ടപരിഹാരം വാങ്ങിയെടുക്കാനുള്ള തന്ത്രമായിരുന്നു സമരമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ച വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് എൻഐഒടി പഠനം നടത്തിയത്. വിഴിഞ്ഞം തുറമുഖനിർമാണം നടക്കുന്നത് മുട്ടം-കോവളം സെഡിമെന്‍റൽ സെൽ മേഖലയിലാണ്. ഇവിടെ എന്തെങ്കിലും പാരിസ്ഥിതികാഘാതമുണ്ടായാൽ ഇതിനു പുറത്തുള്ള മേഖലയിലേക്കു വ്യാപിക്കില്ലെന്നു പഠനം പറയുന്നു. ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ 100ല്‍ പരം ദിവസങ്ങളായി നടന്ന കലാപസമരത്തില്‍ ഉയര്‍ത്തിയ വാദങ്ങളെ മുഴുവന്‍ പൊളിച്ചുതള്ളുന്നതണ് എൻഐഒടി റിപ്പോര്‍ട്ട്.
മുൻപില്ലാത്ത വിധം തെക്കൻതീരത്ത് വലിയ ചുഴലിക്കാറ്റുകളുടെ സ്വാധീനമുണ്ടാകുന്നതാണ് തീരശോഷണത്തിനു പ്രധാന കാരണമായി പഠനം കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഓഖിക്കു ശേഷം തീരപുനർനിർമാണം ഈ ഭാഗങ്ങളിൽ നടക്കാത്തതും തീരശോഷണത്തിന് കാരണമാണ്. ശംഖുംമുഖം തീരങ്ങൾ വിഴിഞ്ഞം തുറമുഖനിർമാണ കേന്ദ്രത്തിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ ദൂരം അകലെയാണ്. അതുകൊണ്ടുതന്നെ തുറമുഖനിർമാണ മേഖലയിലുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങൾ വലിയതുറ, ശംഖുംമുഖം പ്രദേശങ്ങളെ ബാധിക്കില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തിലും ലത്തീന്‍ രൂപതയുടെ വാദഗതിയാണ് തള്ളപ്പെടുന്നത്. .
തുറമുഖം വരുന്നതിനു മുന്‍പും വലിയതുറ, ശംഖുംമുഖം, പൂന്തുറ മേഖലകളിൽ തീര ശോഷണമുണ്ടായതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ ഏജൻസികൾ പല കാലങ്ങളിൽ നടത്തിയ പഠനങ്ങളും മറ്റും വിശദമായി വിലയിരുത്തിയ ശേഷമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: