കൂറ്റനാട്: നാടിനെ വിറപ്പിച്ച തെരുവുനായക്ക് ദാരുണാന്ത്യം. ആനക്കര അങ്ങാടിയില്‍ മാസങ്ങളായി വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും കടിച്ച് പരിക്കേല്‍പ്പിച്ചിരുന്ന തെരുവുനായയാണ് അജ്ഞാത വാഹനം തട്ടി ചോര വാര്‍ന്നു ചത്തത്. ഇന്നലെ പുലര്‍ച്ചെയാണ് ആനക്കര സെന്ററില്‍ കുമ്പിടി റോഡില്‍ നായയെ ചത്തനിലയില്‍ കണ്ടത്.
ആനക്കരയില്മാത്രം 20 ലേറെ പേരെ ഈ നായ കടിച്ചിരുന്നു. ഒരാഴ്ച്ച മുമ്പ് റോഡരികില്‍ കിടന്ന നായയുടെ തലയുടെ സൈഡിലൂടെ മിനി പിക്കപ്പ് ലോറി കയറിയിരുന്നു. ഇതിനുശേഷം ഒരു കണ്ണ് പുറത്തേക്ക് തളളുകയും രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. സ്ഥിരമായി കിടന്നുറങ്ങുന്ന സ്ഥലത്ത് വെച്ചുതന്നെയാണ് ഇതിനെ വാഹനം തട്ടിയത്. പലരെയും കടിച്ചിട്ടുണ്ടെങ്കിലും സ്ഥിരമായി ഭക്ഷണം നല്‍കുന്നവരെ കണ്ടാല്‍ വാലാട്ടുകയും ഇവരുടെ വാഹനത്തിന് പൈലറ്റായി പോകുകയും ചെയ്യുമായിരുന്നു.
രാവിലെയെത്തുന്ന പത്ര വാഹനത്തെയും ആനക്കര – കുമ്പിടി റോഡില്‍ നിര്‍ത്തിയിടുന്ന മിനി ബസിനെയുമെല്ലാം നായ കാത്തുനിന്നിരുന്നു. രാത്രി സമയങ്ങളില്‍ ഈ ബസിന്റെ സൈഡിലൂടെ പോകുന്നവരെയാണ് നായ പലപ്പോഴും കടിച്ചിരുന്നത്. കൊവിഡ് രൂക്ഷമായ കാലത്താണ് നായ അങ്ങാടിയിലെത്തിയത്. ഒരിക്കല്‍ ബൈക്ക് യാത്രക്കാരന് മന:പൂര്‍വ്വം ഇടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് തെരുവുനായ വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും കടിക്കാന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ ചത്തുകിടന്ന നായയെ നാട്ടുകാര്‍ കുഴിവെട്ടിമൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: