ലഹരിക്കടത്ത്; നേതാവിനെ തൊടാതെ പോലീസ്
കൊല്ലം: ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ ലോറികളില്‍ കേരളത്തിലേക്ക് കടത്തിയ കേസില്‍ ലോറി ഉടമയായ സിപിഎം നേതാവിനെ പോലീസ് കേസില്‍ നിന്ന് ഒഴിവാക്കുന്നു. സംസ്ഥാനത്തെ മന്ത്രികൂടിയായ ഉന്നത സിപിഎം നേതാവിന്റെ ഇടപെടലാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം.
പുകയില ഉത്പന്നങ്ങള്‍ കടത്തിയ ലോറികളിലൊന്നിന്റെ ഉടമയാണ് ആലപ്പുഴ നഗരസഭ സ്ഥിരം സമിതി ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ എ. ഷാനവാസ്. ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതിനു പിന്നാലെ കരുനാഗപ്പള്ളി സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഷാനവാസ് തയ്യാറായില്ല. മറ്റൊരു ലോറിയുടെ ഉടമ എ. അന്‍സാറും സമാന നിലപാടാണ് സ്വീകരിച്ചത്. ഷാനവാസിന്റെ ബിസിനസ് പങ്കാളി കൂടിയാണ് അന്‍സാര്‍. ഇതോടെ കരുനാഗപ്പള്ളി പോലീസ് ആലപ്പുഴയില്‍ എത്തി ഷാനവാസിന്റെയും അന്‍സാറിന്റെയും മൊഴി രേഖപ്പെടുത്തി. വാഹനം ഇടുക്കി കട്ടപ്പന സ്വദേശി ജയനു വാടകയ്‌ക്കു നല്കിയെന്നായിരുന്നു ഇരുവരുടെയും വാദം. ഇതു വിശ്വാസത്തിലെടുക്കാതെ, വിശദമായ ചോദ്യം ചെയ്യലിന് രണ്ടു ദിവസത്തിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്കിയാണ് പോലീസ് ഉദ്യോസ്ഥര്‍ മടങ്ങിയത്. എന്നാല്‍, ഒരാഴ്ച പിന്നിടുമ്പോഴും ഷാനവാസോ, അന്‍സറോ പോലീസ് സ്റ്റേഷനിലെത്തിയില്ല.
കരാര്‍ രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നു സംശയമുണ്ടെന്നും ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ ദിവസങ്ങളിലെ പ്രതികരണം. എന്നാല്‍, ഇപ്പോള്‍ പോലീസ് മലക്കം മറിഞ്ഞു. കരാര്‍ രേഖകള്‍ പ്രകാരം ഷാനവാസിനെയോ അന്‍സറിനെയോ പ്രതി ചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നും, നിലവില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് പോലീസ് ഭാക്ഷ്യം.
ലോറി കരാറിനെടുത്തെന്ന് അവകാശപ്പെടുന്ന ഇടുക്കി സ്വദേശി ജയനെ കണ്ടെത്താനും പോലീസിനു സാധിച്ചിട്ടില്ല. ഇയാള്‍ തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം ജയന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ഫോണിലൂടെ പ്രതികരണം നല്കിയിരുന്നു. എന്നിട്ടും പോലീസ് സൈബര്‍സെല്ലിന് ജയന്റെ ഒളിത്താവളം കണ്ടെത്താനായില്ല. ഇത്രയധികം ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടും അറസ്റ്റിലായ നാലു പ്രതികള്‍ക്കെതിരെ പോലീസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയത്. അതിനാല്‍ രണ്ടു ദിവസത്തിനു ശേഷം കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
കര്‍ണാടകയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്നായിരുന്നു പ്രതികളുടെ മൊഴി. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനോ, ലഹരിക്കടത്തിലെ യഥാര്‍ഥ കണ്ണികളെ കണ്ടെത്താനോ പോലീസ് തയ്യാറായില്ല. കോടികളുടെ ലഹരിക്കടത്തിലെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം ഉണ്ടായില്ല.
സ്ത്രീകള്‍ക്കെതിരെ അക്രമം: പരാതി പോലീസിന് കൈമാറാതെ പാര്‍ട്ടി
ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സംഭവത്തില്‍ ആരോപണ വിധേയരായരെ സംരക്ഷിച്ച് സിപിഎം. പാര്‍ട്ടിയംഗങ്ങള്‍ അടക്കമുള്ള സ്ത്രീകള്‍ നല്‍കിയ പരാതി പോലീസിന് കൈമാറാതെയാണ് സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുന്നത്. അതിനിടെ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍ നടപടിയെടുക്കും.
പരാതിക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ.ഡി. ജയന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം ഏരിയാ കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്. ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജയന്‍ ഏരിയാ കമ്മിറ്റിയിലെത്തിയത് മത്സരത്തിലൂടെയാണ്. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചതിന് സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. സോണയ്‌ക്കെതിരെ പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തിയെന്നാണ് ജയനെതിരായ ആരോപണം.
സ്ത്രീകള്‍ക്കെതിരെ പാര്‍ട്ടി അണികളും നേതാക്കളും നടത്തുന്ന അതിക്രമങ്ങളില്‍ ‘പാര്‍ട്ടി പോലീസ്’ അന്വേഷിച്ച് ‘പാര്‍ട്ടി കോടതി’ ശിക്ഷ വിധിക്കുന്നതില്‍ ഒതുങ്ങുകയാണ് പതിവ്. ഇരകള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത് പാര്‍ട്ടി നടപടി മതിയെന്നതിനാലാണെന്നും അവര്‍ക്ക് വേണമെങ്കില്‍ പോലീസിലോ കോടതിയിലോ പരാതി നല്‍കാമല്ലോ എന്നുമുള്ള ന്യായീകരണമാണ് പതിവായി സിപിഎം നടത്തുന്നത്. എന്നാല്‍ ഒരു കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചാല്‍ പോലീസില്‍ അറിയിക്കാന്‍ ഏതൊരു പൗരനും ബാധ്യസ്ഥരാണ്. ഇതു സംബന്ധിച്ച് ലഭിക്കുന്ന തെളിവുകളും വിവരങ്ങളും പോലീസിന് കൈമാറുകയും വേണം. എന്നാല്‍ ഇതൊന്നും സിപിഎമ്മിന് ബാധകമല്ല.
മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് പാര്‍ട്ടിക്ക് മുന്‍പാകെ വരുന്ന പരാതികളില്‍ വിവിധ കമ്മിറ്റികളില്‍ പങ്കെടുത്ത് കുറ്റവിചാരണ നടത്തി ശിക്ഷ വിധിക്കുന്നത്. ഇവര്‍ക്ക് മുന്നില്‍ വരുന്ന പരാതികളും തെളിവുകളും പോലീസിന് കൈമാറാതെ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. പാര്‍ട്ടി നടപടികള്‍ ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ അവസാനിക്കുകയും, ആരോപണവിധേയര്‍ കുടുതല്‍ ശക്തരായി പാര്‍ട്ടിയില്‍ തിരിച്ചുവരികയും ചെയ്യും.
കണ്ണൂരില്‍ ആരോപണ വിധേയനായ പി. ശശി പിന്നീട് കൂടുതല്‍ കരുത്തനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് മടങ്ങിയെത്തിയത്. പരാതിക്കാരായ പാര്‍ട്ടി നേതാക്കളുടെ രാഷ്‌ട്രീയ ഭാവി അവസാനിക്കുകയും ചെയ്തു. പാലക്കാട് ആരോപണ വിധേയനായ പി.കെ. ശശി ഇപ്പോള്‍ കെടിഡിസി ചെയര്‍മാനാണ്. എറണാകുളത്ത് ആരോപണ വിധേയനായ ഗോപി കോട്ടമുറിക്കല്‍ കേരളാ ബാങ്ക് പ്രസിഡന്റായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ചെറുതും വലുതുമായ സംഭവങ്ങളിലെല്ലാം സിപിഎം ശിക്ഷ പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: