ഡോ. ഗോപി പുതുക്കോട്
അറുപത്തൊന്നാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തിരശ്ശീല വീണു. കൊവിഡിനെ തുടര്‍ന്ന് മുടങ്ങിപ്പോയ കലോത്സവം രണ്ടു വര്‍ഷത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ അഭൂതപൂര്‍വ്വമായ പൊതുജനപങ്കാളിത്തമാണ് ദൃശ്യമായത്. ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം അപ്പീലുകള്‍ കുറഞ്ഞതിനാല്‍ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇത്തവണത്തെ കലോത്സവത്തെ ശ്രദ്ധേയമാക്കി. പതിവില്‍ നിന്നും വ്യത്യസ്തമായി വ്യക്തിഗത ഇനങ്ങളില്‍ പൊതുവേ മത്സരാര്‍ത്ഥികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതും എടുത്തുപറയണം.
എന്നാല്‍ നവമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ചര്‍ച്ച ഇതേക്കുറിച്ചൊന്നുമായിരുന്നില്ല. കലോത്സവത്തിലെ ഭക്ഷണവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് വിവാദമുയര്‍ന്നത്. രണ്ടു കാര്യങ്ങളാണ് വിമര്‍ശകര്‍ ഉന്നയിച്ചത്. ഒന്ന്, കലോത്സവത്തില്‍ സസ്യാഹാരം മാത്രമേ നല്‍കുന്നുള്ളൂ. സസ്യേതര വിഭവങ്ങള്‍ കൂടി വേണം. രണ്ട്, പതിവായി സവര്‍ണ വിഭാഗത്തില്‍പ്പെട്ട ഒരാളാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്. അതു മാറണം.
കലോത്സവത്തിരക്കിനിടയില്‍ മത്സരാര്‍ത്ഥികളായ കുട്ടികളോ അകമ്പടിപോയ അധ്യാപകരോ സംഘാടകരോ ഒന്നുമല്ല, പുറമെനിന്നുള്ള ഭക്ഷണപ്രിയരായ ചിലരാണ് വിവാദത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നിട്ടും അടുത്ത കലോത്സവം മുതല്‍ സസ്യേതര വിഭവങ്ങള്‍ കൂടി വിളമ്പുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. കാര്യമായ ചര്‍ച്ചകളൊന്നും കൂടാതെ, പൊടുന്നനെയുണ്ടായ മന്ത്രിയുടെ പ്രഖ്യാപനം ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത, എന്തുകൊണ്ടെന്ന് നോക്കാം.
മലയാളികളില്‍ മഹാഭൂരിപക്ഷവും സസ്യേതര ഭക്ഷണം കഴിക്കുന്നവരാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. (ഇതെഴുതുന്നയാളും അക്കൂട്ടത്തില്‍പ്പെടുന്നു). മീനില്ലാതെ ഊണു കഴിക്കാത്തവരാണ് കൂടുതലും. മാംസപ്രിയരും ധാരാളം. ശുദ്ധ വെളിറ്റേറിയന് നിര്ബന്ധമുള്ളവര് തുലോം കുറവുതന്നെയാണ്. ചോറില്‍ മീനോ ഇറച്ചിയോ കറിയായി ഉപയോഗിച്ച് ശീലിച്ചവരാണ് മുതിര്‍ന്ന തലമുറയില്പ്പെട്ടവരെങ്കില് പുതുതലമുറയ്ക്ക് ചോറിനോടുതന്നെ പ്രിയമില്ല. ബിരിയാണി, ഫ്രൈഡ് റൈസ്, മന്തി തുടങ്ങിയ ഇനങ്ങളോടാണ് അവര്‍ക്ക് താല്പര്യം. ഇത്തരം വിഭവങ്ങള്‍ പാകം ചെയ്യാനും സൂക്ഷിക്കാനും വിളമ്പാനും കഴിക്കാനുമൊക്കെ എളുപ്പമാണെന്ന വാദത്തിലും കഴമ്പുണ്ട്. ഇറച്ചിയും അരിയും വെവ്വേറെ പാകം ചെയ്ത് ആവശ്യമനുസരിച്ച് കൂട്ടിച്ചേര്‍ത്താല്‍ മതി. തൊട്ടുകൂട്ടാന്‍ അധികം വിഭവങ്ങളൊന്നും ആവശ്യമില്ല. കേവലം ഒരു പ്ലേറ്റില്‍ കുശാലായി കഴിക്കാം. ഇരിപ്പിടം പോലും അനിവാര്യമല്ല. പ്ലേറ്റുകള്‍ കഴുകി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നതിനാല്‍ സദ്യക്ക് ശേഷമുള്ളതുപോലെ എച്ചിലിലയുടെ കൂമ്പാരമുണ്ടാവുകയില്ല. ആകപ്പാടെ നോക്കുമ്പോള്‍ സൗകര്യം കൂടുതല്‍ നോണ്‍ വെജിറ്റേറിയനാണ്.
എന്നാല്‍ ഒരു പ്രശ്നമുണ്ട്. എണ്ണത്തില്‍ കുറവെങ്കിലും ശുദ്ധവെജിറ്റേറിയന്‍ നിര്‍ബന്ധമുള്ളവരുമുണ്ട്. പുറമെനിന്ന് നോണ്‍വെജ് കഴിക്കാനിഷ്ടപ്പെടാത്തവരും നിരവധിയാണ്. സസ്യഭക്ഷണശാലയും അനിവാര്യമാണെന്നു ചുരുക്കം. സസ്യേതര ഹോട്ടലുകളില്‍ വേജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കാറുണ്ടല്ലോ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരും. അതുപോലെയാണോ കലോത്സവം ! ഹോട്ടല്‍ സ്ഥിരം സംവിധാനമാണ്. വ്യത്യസ്തവിഭാഗക്കാര്ക്ക് തികച്ചും വ്യത്യസ്തമായ സൗകര്യങ്ങള്‍ അവിടെ കാണും. ഇരിപ്പിടങ്ങളും പാത്രങ്ങളുമൊക്കെ പ്രത്യേകം പ്രത്യേകമുണ്ടാകും. ഇടകലര്ന്നിരിക്കേണ്ട കാര്യമില്ല. നിശ്ചിതസമയത്തിനകം ആയിരക്കണക്കിന് പേര്‍ക്ക് ആഹാരം വിളമ്പേണ്ട കലോത്സവ ഊട്ടുപുരയില്‍ വെജ്, നോണ്‍വെജ് എന്ന തരത്തില്‍ വേറെ വേറെ ഇരുത്തി വിളമ്പുക എളുപ്പമല്ല. അപ്പോള്‍ ചോദിക്കും, വേറെ വേറെ ഭക്ഷണ ശാലകളായിക്കൂടേ ? അവിടെയും പ്രശ്നമുണ്ട്.
ജില്ലകളില്‍ നിന്ന് കൂട്ടമായാണ് കുട്ടികളും അധ്യാപകരും ആഹാരത്തിനെത്തുക. പലപ്പോഴും അടുത്ത മത്സരത്തിന്റെ സമയക്രമമനുസരിച്ചായിരിക്കും അവര്‍ വരുന്നത്. ഒന്നിച്ചിരുന്ന് ഒന്നിച്ചുണ്ട് ഒന്നിച്ചു മടങ്ങേണ്ടത് അത്യാവശ്യമായിരിക്കും. കൂട്ടത്തല് കൂടുതലാളുകള്‍ സസ്യേതര ഭക്ഷണശാലയിലേക്ക് പിരിയുമ്പോള്‍ മുതല്‍ ന്യൂനപക്ഷക്കാരായ ബാക്കിയുള്ളവര്‍ ആശങ്കയിലാകും. ഏതെങ്കിലും ഒരിടത്ത് താമസം നേരിട്ടാല്‍ അവരുടെ മത്സരത്തെത്തന്നെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഫലത്തില്‍, നോണ്‍വെജ് മോഹം മാറ്റിവച്ച് ഭൂരിപക്ഷം പേരും വെജിറ്റേറിയന്‍ ഹാളിലേയ്ക്ക് നടക്കും. മറിച്ച് സംഭവിക്കുകയില്ലല്ലോ. അതായത്, ഇഷ്ടഭക്ഷണം കഴിക്കാനാകാത്തതിന്റെ മനഃപ്രയാസത്തോടെയാകും കൂടുതല്‍ കുട്ടികളും കലോത്സവവേദിയോടു വിടപറയുക. ഈ വേര്‍തിരിവും മനഃപ്രയാസവും കാലക്രമത്തില്‍ സ്കൂള്‍ തലത്തില്‍ മത്സരാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിക്കും. ഒറ്റയാന്മാരായ സസ്യഭൂക്കുകള് തഴയപ്പെടും. ഓര്‍ക്കുക, ഏതിനത്തിലായാലും സ്കൂള്‍തലത്തില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടിയുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മോഹം ആ ഇനവുമായി സംസ്ഥാനതലം വരെ എത്തണമെന്നുതന്നെയാണ്.
സ്കൂള്‍തലത്തില്‍ വ്യക്തിഗതമായ പോരാട്ടമാണെങ്കില്‍ ഉപജില്ലയില്‍ മാറ്റുരയ്ക്കുന്നത് സ്കൂളിനുവേണ്ടിയാണ്. ജില്ലാതലത്തിലെത്തിയാല് അത് ഉപജില്ലയുടെ പേരിലും സംസ്ഥാനതലത്തിലെത്തുമ്പോള്‍ ജില്ലയുടെ പേരിലുമാകുന്നു. വ്യത്യസ്ത സ്കൂളുകളില്‍ നിന്നു വരുന്നവരെങ്കിലും ജില്ലാ ടീമുകളായാണ് സംസ്ഥാന മേളയില്‍ മത്സരാര്‍ത്ഥികള്‍ പരിഗണിക്കപ്പെടുന്നത്. ആ തരത്തിലുള്ള ഇഴയടുപ്പം കുട്ടികളുടെയും കൂട്ടുപോകുന്ന അധ്യാപകരുടെയുമിടയില്‍ തുടക്കം മുതല്‍ രൂപപ്പെടുകയും ചെയ്യും. മത്സരവേദി കഴിഞ്ഞാല്‍ ഈ കൂട്ടായ്മ അതിന്റെ മൂര്‍ത്ത രൂപത്തില്‍ കാണപ്പെടുന്ന മറ്റൊരിടം ഭക്ഷണശാലയാണ്. പകര്‍ന്നും പങ്കുവച്ചും കളിതമാശകളുടെ അകമ്പടിയോടെ ആഹാരം ആസ്വദിച്ചു കഴിക്കുന്ന ചെറുചെറു സംഘങ്ങള്‍ ഭക്ഷണശാലയിലെ ചേതോഹരമായ കാഴ്ചയാണ്.
എത്ര ലളിതമായ ഭക്ഷണവും ഒന്നിച്ചിരുന്ന കഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് കുട്ടികള്‍. സംശയമുള്ളവര്‍ ഏതെങ്കിലും സ്കൂളില്‍ ഉച്ചഭക്ഷണസമയത്ത് ഒന്നു കയറി നോക്കിയാല്‍ മതി. വൈവിധ്യപൂര്‍ണവും നാനാരസസമ്മിശ്രവുമായ ഉച്ചഭക്ഷണമൊന്നുമല്ലല്ലോ സ്കൂളുകളില്‍ വിതരണം ചെയ്യുന്നത്. വെറും ചോറും സാമ്പാറുമാണെങ്കില്പ്പോലും ചെറുചെറു സംഘങ്ങളായി വട്ടത്തിലിരുന്ന് ആഹ്ലാദത്തോടെ അവരതു കഴിക്കുന്നു. സംഘബോധത്തില്‍ നിന്നൂറിവരുന്ന രസമേ്രത അവര്‍ ആസ്വദിക്കുന്നത്.
അവര്‍ക്കിടയില്‍ നിന്നാണ് കലാമേളയില്‍ പങ്കെടുക്കേണ്ടവരെ കണ്ടെത്തുന്നത്. മാസങ്ങളോളം നീളുന്ന ഒരുമിച്ചുള്ള പരിശീലനത്തിലൂടെ അവരുടെ സുഹൃദ്ബന്ധം സുദൃഢമാകുന്നു. സമാന ഹൃദയരുടെ കൂട്ടായ്മയായി ഓരോ ഗ്രൂപ്പും മാറുന്നു. മത്സരത്തിലെ മികവും സമ്മാനാര്ഹരാകാനുള്ള അടങ്ങാത്ത അഭിനിവേശവുമാണ് അവരെ നയിക്കുന്നത്. രംഗാവതരണം വരെ കുട്ടികള്‍ പരസ്പരം പുലര്‍ത്തുന്ന കരുതലും വിട്ടുവീഴ്ചയും സഹകരണവും ഉന്നതമായ അവരുടെ കലാഭിരുചിയുടെ നിദര്‍ശനമായി കണക്കാക്കപ്പെടാറുണ്ട്. ഈ ഒരുമ ഭക്ഷണവേളയില്‍ മാത്രം ആവശ്യമില്ലെന്ന പ്രഖ്യാപനത്തെ അനുചിതമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല.
സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നതുതന്നെ ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് സ്വപ്നസമാനമായ നേട്ടമാണ്. അവിടെ വിജയം വരിക്കലാണ് അയാളുടെ ലക്ഷ്യം. അതിനിടയില്‍ ഭക്ഷണത്തിലെ വൈവിദ്യമൊക്കെ എത്രയോ നിസാരം.
കലോത്സവത്തിന് സസ്യേതര വിഭവങ്ങള്‍ വിളമ്പണമെന്ന ആവശ്യമുയര്‍ന്ന കോഴിക്കോട്ടനിന്നുതന്നെയാണ്, മാസങ്ങള്‍ക്കുമുമ്പ്, ചത്ത കോഴികളെ വ്യാപകമായി വില്‍പ്പന നടത്തിയ വാര്‍ത്ത പുറത്തുവന്നതെന്നും ഓര്‍ക്കണം, നോണ്‍വെജ് എന്നാല്‍ ചിക്കന്‍ വിഭവങ്ങളെന്നാണല്ലോ സാമാന്യാര്‍ത്ഥം. നാലഞ്ചുദിവസം മാത്രം നീണ്ടു നില്ക്കുന്നതും പതിനായിരങ്ങള്‍ക്കു വെച്ചുവിളമ്പേണ്ടതുമായ കലോത്സവവേളയില്‍ ഇത്തരം ലോബികള്‍ രംഗത്തിറങ്ങില്ലെന്നാരുകണ്ടു !
പാകം ചെയ്ത മത്സ്യമാംസാദികള്‍ ദീര്‍ഘനേരം സൂക്ഷിച്ചുവയ്ക്കാനാവില്ലെന്നും പാചകവിദഗ്ധര്‍ തന്നെ പറയാറുണ്ട്.
കഴിഞ്ഞ അറുപത്തൊന്നു കലോത്സവങ്ങളില്‍ ഒന്നില്‍പ്പോലും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ഇനി അത്തരം വാര്‍ത്തകളും പ്രതീക്ഷിക്കണമെന്നാണോ ?
കേരളം നഗരവല്ക്കരിക്കപ്പെട്ടുകഴിഞ്ഞ നാടാണ്. ഏതു നഗരത്തിനും അതിന്റേതായ ഭക്ഷണശീലങ്ങളും വിഭവങ്ങളുമുണ്ട്. അതാസ്വദിക്കുന്നതില്‍ കലോത്സവത്തിനു വരുന്നവര്‍ വീഴ്ച വരുത്താറില്ലെന്ന് കലോത്സവനഗരികള്‍ ചുറ്റിനടന്നിട്ടുള്ള ആര്‍ക്കും ബോധ്യമുള്ള കാര്യമാണ്. കോഴിക്കോട്ടെ കാഴ്ചയും വ്യത്യസ്തമായിരുന്നില്ല. ഒട്ടുമിക്ക ഹോട്ടലുകളും തട്ടുകടകളും രാവും പകലും തിരക്കൊഴിയാതെ കാണപ്പെട്ടു. അതുപോര, ഈ വിഭവങ്ങളെല്ലാം കലോത്സവത്തിന്റെ ഊട്ടുപുരയിലും വിളമ്പണമെന്നു വാശിപിടിക്കുന്നത് കലയോടുള്ള താല്‍പര്യപ്രകാരമാണെന്നു പറയാനാവില്ല.
കലോത്സവത്തിന് സദ്യയൊരുക്കാന്‍ ഇനി ഇല്ലെന്ന് പഴയിടം കോലുമുറിച്ചതോടെ വിവാദമായ രണ്ടാമത്തെ പ്രശ്നത്തിന് പരിഹാരമായി. ഭക്ഷണമൊരുക്കുന്നതിന്റെ നേതൃത്വം ഇനി ആര്‍ക്കായാലും പാചക ജോലികള്‍ ചെയ്യാന്‍ നാനാജാതി മതസ്ഥര്‍ നിര്‍ബന്ധമാണെന്ന നിബന്ധന മുന്നോട്ടുവയ്ക്കാവുന്നതാണ്. നമ്മുടെതു പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ഇത്തരം വിഷയങ്ങള്‍ കൂറെക്കൂടി അവധാനതടോയെ കൈകാര്യം ചെയ്യേണ്ടതുതന്നെയാണ്. സദ്യ വിളമ്പുന്നത് അധ്യാപകസംഘടനകളുടെ നേതൃത്വത്തിലായതിനാല്‍ അക്കാര്യത്തില്‍ ആര്‍ക്കും പരാതിയുമില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: