മിത്ത് എന്നത് മലയാളിക്ക് സുപരിചിതമായ വാക്കാണ്. ഉപയോഗിക്കുന്നവര്‍ക്ക് പക്ഷേ ഈ വാക്കിന്റെ അര്‍ത്ഥത്തില്‍ നിര്‍ബന്ധബുദ്ധിയൊന്നുമില്ല. ഐതിഹ്യം, കെട്ടുകഥ, സങ്കല്‍പം എന്നൊക്കെ തോന്നുംപോലെ അര്‍ത്ഥം കല്‍പ്പിക്കാറുണ്ട്. ഡി.ഡി. കൊസാംബിയുടെ ‘മിത്തും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകം ഏറെ പ്രചാരം സിദ്ധിച്ച ഒന്നാണ്. പക്ഷേ കൊസാംബിയും മിത്തിനെ നിര്‍വ്വചിക്കുന്നില്ല. പകരം ഭാരതീയ സംസ്‌കാരത്തെ മാര്‍ക്‌സിസ്റ്റ് രീതിയില്‍ വ്യാഖ്യാനിച്ച് മഹാഭാരതവും ഭഗവദ്ഗീതയുമൊക്കെ പൊരുത്തക്കേടുകള്‍ നിറഞ്ഞതാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.
കൊസാംബിയുടെ ചുവടുപിടിച്ചാവാം പല ഇന്ത്യന്‍ എഴുത്തുകാരുടെയും കയ്യില്‍ ‘യാഥാര്‍ത്ഥ്യ’ത്തെക്കാള്‍ കരുത്തുറ്റ ആയുധമായി ‘മിത്ത്’ മാറുകയുണ്ടായി. കൊളോണിയല്‍ കാഴ്ചപ്പാടിലൂടെ ഭാരതീയ കലയെയും സാഹിത്യത്തെയും ദര്‍ശനങ്ങളെയും വിലയിരുത്തി അവമതിക്കാന്‍ മിത്ത് എന്ന വാക്ക് നിര്‍ലോഭം ഉപയോഗിക്കപ്പെട്ടു. കാലങ്ങളായി തുടരുന്ന ഈ രീതിക്ക് കാതലായ ഒരു തിരുത്താണ് ഡോ. വി. സുജാതയുടെ ‘മിത്തുകളുടെ യാഥാര്‍ത്ഥ്യം’ എന്ന പുസ്തകം.
മിത്തിന്റെ വിവിധങ്ങളായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുകയും, പാശ്ചാത്യ രീതിയില്‍നിന്ന് വ്യത്യസ്തമായി ഈ വാക്ക് എങ്ങനെയാണ് ഭാരതീയ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ദര്‍ശനങ്ങളിലും പ്രയോഗിക്കപ്പെടുന്നതെന്ന് കണ്ടെത്തുകയാണ് ഗ്രന്ഥകാരി. ഭാരതീയ മിത്തുകള്‍ വെറും കല്‍പ്പനകളല്ലെന്നും, യാഥാര്‍ത്ഥ്യങ്ങളുടെ ഗൂഢാര്‍ത്ഥമുള്‍ക്കൊള്ളുന്നതാണെന്നും, അവയ്‌ക്ക് സര്‍വകാല പ്രസക്തിയുണ്ടന്നുമുള്ള നിഗമനങ്ങള്‍ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു.
ഭാരതീയ പുരാണേതിഹാസങ്ങളില്‍ ചരിത്രം, കഥ എന്നിവയ്‌ക്കൊപ്പം മിത്തുകളെ പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന സുപ്രധാനമായ നിരീക്ഷണം ഡോ.സുജാത നടത്തുന്നു. ഗ്രീക്കു പാരമ്പര്യത്തില്‍ കലാസാഹിത്യം യാഥാര്‍ത്ഥ്യങ്ങളെ മൂടിവയ്‌ക്കുന്നതാണെങ്കില്‍, ആത്യന്തികസത്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഋഷിമാരുടെ രചനകള്‍ എന്നു പറയുമ്പോള്‍ മിത്തുകളെ ഭാരതീയ വീക്ഷണത്തില്‍ സവിശേഷമായി പഠിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഗ്രന്ഥകാരി വിരല്‍ചൂണ്ടുന്നത്. സത്യാന്വേഷികളായ ഋഷിമാര്‍ മിത്തുകളില്‍ രമിച്ചവരായിരുന്നു എന്ന കണ്ടെത്തല്‍ പഠിതാക്കളെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും.
ദാര്‍ശനികകൃതിയായ ബ്രഹ്‌മസൂത്രത്തിന്റെ കര്‍ത്താവായ വ്യാസന്‍ എന്തുകൊണ്ടാണ് മിത്തുകളടങ്ങിയ മഹാഭാരതം രചിച്ചത് എന്ന ചോദ്യം മുന്നോട്ടുവച്ചശേഷം, പുരാണേതിഹാസങ്ങള്‍ ഗൂഢാര്‍ത്ഥ നിബിഡങ്ങളാണെന്ന ഉത്തരവും ഗ്രന്ഥകാരി നല്‍കുന്നു. മിത്തുകള്‍ വര്‍ഗചേതനയായ അബോധ മനസ്സിന്റെ ഉല്‍പ്പന്നങ്ങളാണെന്നും, അപരിഷ്‌കൃത മനുഷ്യര്‍ക്ക് സ്വത്വദൃഢത നല്‍കിയശേഷം മിത്തുകള്‍ നിരുപയോഗങ്ങളായിത്തീരുന്നുവെന്നുമുള്ള പാശ്ചാത്യവാദം ഈ പുസ്തകം തള്ളിക്കളയുകയാണ്.
‘സാമാന്യവും വിശേഷവും’ എന്ന ആദ്യ അധ്യായം ആത്യന്തികമായ സത്യവും അതിനെ ആശ്രയിച്ചു നില്‍ക്കുന്ന ഭൗതികമായ അസ്തിത്വങ്ങളും തമ്മിലെ ബന്ധവും ഇവയുടെ സ്വഭാവവും ചര്‍ച്ച ചെയ്യുന്നു. ”മനസ്സ് യാഥാര്‍ത്ഥ്യത്തെ അപ്പാടെ ഗ്രഹിച്ചിരുന്നെങ്കില്‍ മനുഷ്യര്‍ പങ്കാളികളായിട്ടുള്ള ഭൂമിയിലെ ലൗകിക നാടകത്തിന്റെ ഇതിവൃത്തങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നേനെ” എന്ന കണ്ടെത്തല്‍ കൗതുകകരമാണ്. ”സ്ഥൂല പ്രപഞ്ചത്തിന് ആധാരമാകുന്ന സാമാന്യങ്ങള്‍ക്ക് രൂപകല്‍പ്പന നടത്തി അവയെ ഉള്‍ക്കൊള്ളിച്ച കഥകളാണ് ഭാരതീയ പുരാണേതിഹാസങ്ങളിലെ മിത്തുകള്‍” എന്ന് ആശയവ്യക്തതയും വരുത്തുന്നുണ്ട്. തുടര്‍ന്നുള്ള മൂന്ന് അധ്യായങ്ങളും ഈ വിഷയം കൂടുതല്‍ ചര്‍ച്ചയ്‌ക്ക് വിധേയമാക്കുകയാണ്.
ഭാരതീയ തത്വചിന്ത മഹത്തരമാണെന്ന് കരുതുന്നവര്‍പോലും പാശ്ചാത്യ തത്വചിന്തയുടെ ചുവടുപിടിച്ചാണ് പലപ്പോഴും അതിനെ അവതരിപ്പിക്കാറുള്ളത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഭാരതീയ തത്വചിന്ത എങ്ങനെയൊക്കെയാണ് വ്യത്യസ്തവും മൗലികവുമാകുന്നതെന്ന് മനസ്സിലാക്കാന്‍ ഈ ചര്‍ച്ച ഉപകരിക്കും. ഭാരതീയ തത്വചിന്തയെ പിന്‍പറ്റുന്നവരില്‍ തന്നെ ആത്മീയതയെക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കാനും ഇതിലൂടെ കഴിയും. ഒ.വി. വിജയന്റെ ‘മധുരംഗായതി’ എന്ന നോവല്‍ മിത്തുകളിലൂടെ അലൗകികതലത്തിലെ സാമാന്യതത്വങ്ങളെയും അവയ്‌ക്ക് സ്ഥൂലതലവുമായുള്ള ഐക്യത്തെയുമാണ് വെളിപ്പെടുത്തുന്നതെന്ന കണ്ടെത്തല്‍ ഈ കൃതിയെ ശരിയായി മനസ്സിലാക്കുന്നതിലേക്ക് അനുവാചകരെ നയിക്കും.
ഉത്തരാധുനികതയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്ന അള്‍ജീരിയന്‍ ചിന്തകന്‍ ജാക്ക് ദറിദയുടെ അപനിര്‍മാണം പോലെയുള്ള പരികല്‍പ്പനകളെ വിമര്‍ശനവിധേയമാക്കുകയാണ് ‘ദറിദയുടെ വ്യതിരേകം’ എന്ന അധ്യായത്തില്‍. ദറിദയുടെ ആശയങ്ങള്‍ ആന്തരിക വൈരുദ്ധ്യംകൊണ്ട് പരാജയപ്പെടുന്നത് എങ്ങനെയെന്നും വരച്ചുകാട്ടുന്നു. ഫെര്‍ഡിനാന്റ് സൊസൂര്‍, നോം ചോമ്‌സ്‌കി എന്നിവരുടെ ഭാഷാപരമായ വ്യവഹാരങ്ങളെ പൗരാണിക ഭാരതീയാചാര്യന്മാരുടെ സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുന്നതും, ഭാരതീയ കാവ്യമീമാംസയുടെ മികവ് എടുത്തുകാട്ടുന്നതുമായ അവസാനത്തെ രണ്ട് അധ്യായങ്ങള്‍ വളരെ ആധികാരികമാണ്.
സര്‍വകലാശാലാ തലത്തില്‍ വര്‍ഷങ്ങളോളം ഫിലോസഫി പഠിപ്പിച്ചിട്ടുള്ള ഡോ. സുജാതയ്‌ക്ക് പാശ്ചാത്യ തത്വചിന്തയും ഭാരതീയ ദര്‍ശനങ്ങളും ഒരുപോലെ വഴങ്ങുന്നു. കൊളോണിയല്‍ കോംപ്ലക്‌സുകള്‍ ഇല്ലാതെ സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും അവതരിപ്പിക്കാന്‍ ഗ്രന്ഥകാരിക്ക് കഴിയുന്നുണ്ട്. ഭാരതീയ മിത്തുകളെ സംബന്ധിച്ച വിപുലമായ ഒരു പഠനത്തിലേക്കുള്ള ശരിയായ പ്രവേശികയാണ് ഈ പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: