ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിലെ രണ്ടാം ദിനം കരുത്തരുടെ കുതിപ്പ്. അതില്‍ മുട്ടുമടക്കിയതില്‍ ഏഷ്യന്‍ ശക്തികളും. നിലവിലെ ജേതാക്കളായ ബെല്‍ജിയം, മൂന്നുവട്ടം ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്സ്, രണ്ടു തവണ കിരീടം ചൂടിയ ജര്‍മ്മനി ടീമുകള്‍ ജയിച്ചു കയറി.
ബെല്‍ജിയം എതിരില്ലാത്ത അഞ്ചു ഗോളിന് കൊറിയയെ തകര്‍ത്തപ്പോള്‍ നെതര്‍ലന്‍ഡ്സ് 4-0ന് മലേഷ്യയെ മുക്കി. ജര്‍മ്മനി ജപ്പാനെയും (3-0), ന്യൂസിലന്‍ഡ് മലേഷ്യയെയും (3-1) കീഴടക്കി.
അഞ്ചടിച്ച് ബെല്‍ജിയം; ജപ്പാനെ വീഴ്ത്തി ജര്‍മ്മനി
പൂള് ബിയില്‍ ബെല്‍ജിയം ഏഷ്യന്‍ ശക്തികളായ കൊറിയയെ നിലം തൊടീച്ചില്ല. തുടക്കം മുതല്‍ ആധിപത്യം പുലര്ത്തിയെങ്കില് കൊറിയന്‍ ഗോള്‍വല തുറക്കാന്‍ ബെല്‍ജിയത്തിന് മൂന്നാം ക്വാര്‍ട്ടര്‍ വരെ കാത്തിരിക്കേണ്ടി വന്നു. 30-ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഹെന്‍ഡ്രിക്സ് അലക്സാണ്ടറാണ് സ്കോറിങ് തുടങ്ങിയത്. 42-ാം മിനിറ്റില്‍ കൊസിന്സ് ടന്ഗേ ഫീല്‍ഡ് ഗോളില്‍ ലീഡുയര്‍ത്തി. വാന്‍ ഔബേല്‍ ഫ്ളൊറെന്റ് (പെനല്‍റ്റി കോര്‍ണര്‍ 49), ഡോക്കിയര്‍ സെബാസ്റ്റ്യന്‍ (51), ഡെ സ്ലൂവര്‍ ആര്‍തര്‍ (57) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍.
പൂളിലെ രണ്ടാമത്തെ കളിയില്‍ ജപ്പാനെതിരെ മുന്തൂക്കുമുണ്ടായിട്ടും ആദ്യ രണ്ടു ക്വാര്‍ട്ടറുകളില്‍ ഗോള്‍ കണ്ടെത്താന്‍ ജര്‍മ്മനിക്കായില്ല. 35-ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഗ്രാംബുസ്ക് മാറ്റ്സാണ് ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ ഫീല്‍ഡ് ഗോളില്‍ രോഹര് ക്രിസ്റ്റഫറും 48-ാം മിനിറ്റില്‍ പ്രിന്‍സ് തീസും മുന്‍ ചാമ്പ്യന്മാരുടെ പട്ടിക തികച്ചു. പൂളില്‍ ബെല്‍ജിയം ഒന്നാമത്, ജര്‍മ്മനി രണ്ടാമതുമാണ്.
ഡച്ച് ജയം; ന്യൂസിലന്‍ഡിനും
പൂള് സിയില്‍ നെതര്‍ലന്‍ഡ്സിനെതിരെ പൊരുതാന്‍ മലേഷ്യയ്ക്കായില്ല. രണ്ട്, നാല് ക്വാര്‍ട്ടറുകളിലാണ് ഡച്ച് പട ഗോള്‍ നേടിയത്. പത്തൊമ്പതാം മിനിറ്റില്‍ വാന്‍ ഡാം തിജിസിന്റെ ഫീല്‍ഡ് ഗോളില്‍ ലീഡെടുത്ത നെതര്‍ലന്‍ഡ്സിനായി ജാന്സെന് ജിപ് (പെനല്‍റ്റി സ്ട്രോക്ക് 23), ബെയ്ന്‍സ് ട്യുന് (പെനല്‍റ്റി കോര്‍ണര്‍ 46), ക്രൂന് ജോറിറ്റ് (59) എന്നിവരും ഗോള്‍ നേടി.
പൂളിലെ മറ്റൊരു കളിയില്‍ ന്യൂസിലന്‍ഡ് 3-1ന് ചിലിയെ കീഴടക്കി. ഹിഹ സാമിന്റെ ഇരട്ട ഗോളാണ് ന്യൂസിലന്‍ഡ് ജയത്തില്‍ നിര്‍ണായകമായത്. ഒമ്പതാം മിനിറ്റില്‍ ലെയ്ന്‍ സാം ആദ്യ ഗോള്‍ നേടി. ചിലിക്കായി കൊന്റാര്ഡൊ ഇഗ്നാഷ്യൊ ഒരു ഗോള്‍ മടക്കി. പൂളില്‍ നെതര്‍ലന്‍ഡ്സ് ഒന്നാമതും ചിലി രണ്ടാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: