കണ്ണൂര്‍: അര്‍ബന്‍ നിധി തട്ടിപ്പില്‍ പരാതിയുമായി കൂടുതല്‍ പേര് രംഗത്ത്. കഴിഞ്ഞ ദിവസം 32 പരാതികള്‍ കൂടി കണ്ണൂര്‍ ടൗണ്‍ പോലീസിന് കിട്ടി. ഇതോടെ ഇതുവരെ 350 പരാതികളാണ് അര്‍ബന്‍ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത്. ഈ പരാതികള്‍ പ്രകാരം കോടികളുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ വിലയിരുത്തല്‍. കണ്ണൂര്‍ അര്‍ബന്‍ നിധി എന്ന സ്ഥാപനം വഴിയും സഹസ്ഥാപനമായ എനി ടൈം മണി വഴിയുമാണ് തട്ടിപ്പ് നടന്നത്.
ഓരോ ദിവസവും പുതിയ പുതിയ പരാതികളെത്തുന്നതിനാല് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. നൂറ്റി അന്‍പതുകോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കഴിഞ്ഞദിവസം വരെ പോലീസിന്റെ കണക്കുകൂട്ടലെങ്കിലും അത് എത്ര കോടിയിലെത്തുമെന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതോടെ വടക്കന്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അഞ്ഞൂറ് കോടിയിലെത്തുമോയെന്ന ആശങ്കയും പോലീസിനുണ്ട്. അങ്ങനെ വന്നാല്‍ കേസ് അന്വേഷണം സംസ്ഥാന പോലീസിന്റെ പിടിയില്‍ നിന്നും കേന്ദ്ര ഏജന്സിയിലേക്കെത്തുമെന്നാണ് സൂചന. ആദായ നികുതി വെട്ടിക്കാനുളള സൗകര്യത്തിനാണ് പലരും കണ്ണൂര്‍ അര്‍ബന്‍ നിധിയിലേക്ക് പണം നിക്ഷേപിച്ചതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്സികളേറ്റെടുക്കാന് സാധ്യതകളേറെയാണ്.
തട്ടിപ്പിനിരയായവരില്‍ കൂടുതല്‍ വീട്ടമ്മമാരെന്ന പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ ഒരു കോടി രൂപയോളം നഷ്ടപ്പെട്ട വീട്ടമ്മ പരാതി നല്‍കിയത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിലാകമാനം 350ഓളം പരാതികളാണ് ലഭിച്ചതെങ്കിലും നിക്ഷേപിച്ചവരില്‍ കളളപ്പണം വെളുപ്പിക്കാനിറങ്ങിയവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസ് നിഗമനം.
പണം നിക്ഷേപിച്ചരില്‍ വിദേശമലയാളികളുമുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ടെന്നറിയുന്നു. ഇതില്‍ പലരും ആദായനികുതി വെട്ടിക്കുന്നതിനാണ് അര്‍ബന്‍ നിധിയില്‍ ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയതെന്നും സൂചനയുണ്ട്. ഇത്തരക്കാര്‍ ഇതുവരെ പരാതി നല്കാന് തയ്യാറാവാത്തതിനാല്‍ 150 കോടിയുടെ തട്ടിപ്പാണ് പുറത്തുവന്നതെങ്കിലും ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറു കോടിരൂപയെങ്കിലും അര്‍ബന്‍ നിധിയും സമാന്തര സ്ഥാപനമായ എനിടൈംമണിയുടെ പേരിലും വെട്ടിച്ചതായാണ് നിഗമനം.
കഴിഞ്ഞദിവസം താവക്കരയിലെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്ത കംപ്യൂട്ടറുകളുടെ പരിശോധനയും അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയല്‍ നിന്നും അപേക്ഷ നല്കിയതു പ്രകാരം വിട്ടുകിട്ടിയ കേസിലെ അഞ്ചാം പ്രതിയും അസി. ജനറല്‍ മാനേജരുമായ ജീനയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുകയും ഇവരെ കൊണ്ടു പിടിച്ചെടുത്ത കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പിന്റെയും രഹസ്യ പാസ്വേര്ഡ് ചോദിച്ചറിഞ്ഞ് സൈബര്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഡയറക്ടര്‍മാരായ കെ.എം. ഗഫൂര്‍, മേലെടത്ത് ഷൗക്കത്തലി എന്നിവരെ തെളിവെടുപ്പിനായി തൃശൂരിലേക്ക് കൊണ്ടുപോയിരുന്നു.
അര്‍ബന്‍ നിധിയുടെ ഹെഡ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത് തൃശ്ശൂരാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് തൃശ്ശൂരിലേക്ക് കൊണ്ടുപോയത്. മാനേജരായ ജീനയും ഡയറക്ടറായ ആന്റണിയും ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നാണ് ഗഫൂറും ഷൗക്കത്തലിയും ആരോപിക്കുന്നത്. കേസിലെ ഇനിയും പിടികൂടാനുളള ആറുപ്രതികള്‍ക്കായി പ്രത്യേക അന്വേഷണസംഘം സൈബര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. നിലവില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: