കോഴിക്കോട് : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധ നിര്‍മാണം നടക്കുന്നതായി പോലീസ്. പാഠ്യ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ലാബ് പഠനം എന്ന പേരിലാണ് ഇവര്‍ ആയുധ നിര്‍മാണം നടത്തിയിരുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാലയങ്ങളില്‍ കര്‍ശ്ശന നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം സ്ഥാപന മേധാവികള്‍ക്കും കൈമാറിയിട്ടുണ്ട്. എന്നാല്‍ ആയുധ നിര്‍മാണം നടന്നിട്ടുള്ളത് എവിടെവെച്ചാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
അതേസമയം സാങ്കേതിക വിദ്യാഭ്യാസ ലാബുകളില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ അധ്യാപകരുടെ മേല്‍നോട്ടത്തിലാകണമെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ലാബുകള്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ട്. അധ്യാപകരുടെ മേല്‍നോട്ടമില്ലാതെ ഐടിഐകളില്‍ കുട്ടികള്‍ സ്വയം ആയുധം നിര്‍മിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: