വാരണസി: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രയായ എംവി ഗംഗാ വിലാസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ഫ്‌ളാഗ് ഓഫ് ചെയ്തത്. ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള 32 വിനോദസഞ്ചാരികളാണ് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലെത്താന്‍ കന്നിയാത്ര പുറപ്പെട്ടത്.ഗംഗാ നദിയില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസ് സര്‍വീസിന്റെ തുടക്കം ഒരു സുപ്രധാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ഇത് ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ ഒരു പുതിയ യുഗത്തെ അറിയിക്കും, ക്രൂയിസ് സര്‍വീസ് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും’ നരേന്ദ്രമോദി പറഞ്ഞു.
വാരണാസി മുതല്‍ ബംഗ്ലദേശ് വഴി അസമിലെ ഡിബ്രുഘട്ടില്‍ വരെ 3,200 കിലോമീറ്ററാണ് നൗക സഞ്ചരിക്കുക. 27 വ്യത്യസ്ത നദീ സംസ്‌കാരങ്ങളിലൂടെ 50 ടൂറിസ്റ്റ് സ്‌പോട്ടുകള്‍ കടന്നാണ് നൗകയുടെ യാത്ര. ലോക പൈതൃക ഇടങ്ങളിലൂടെയെല്ലാം നൗക കടന്നുപോകും. കാസിരംഗ നാഷണല്‍ പാര്‍ക്ക്, സുന്ദര്‍ബന്‍ ഡെല്‍റ്റ അടക്കമുള്ള നാഷണല്‍ പാര്‍ക്കുകള്‍, വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളെല്ലാം ഗംഗ വിലാസിന്റെ യാത്രാ പദ്ധതിയിലുണ്ട്.
എല്ലാ ആഡംബരങ്ങളും നിറഞ്ഞ യാത്രയില്‍ ഒരാള്‍ക്ക് 25,000 രൂപയാണ് ഒരുദിവസത്തെ നിരക്ക്. 51 ദിവസം കൊണ്ട് വാരണസിയില്‍ നിന്ന് ഡിബ്രുഘട്ടില്‍ എത്തും. രണ്ടാഴ്ച ബംഗ്ലദേശിലെ നദികളില്‍ കൂടിയായിരിക്കും യാത്ര. പിന്നീട് ഗുവാഹത്തി വഴി ഇന്ത്യയിലെത്തും. നൗക കഴിഞ്ഞ ശനിയാഴ്ച വാരണസിയില്‍ എത്തിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകുകയായിരുന്നു. ചൊവ്വാഴ്ചയാണ് നൗക വാരണാസിയില്‍ എത്തിച്ചത്.
കന്നിയാത്രയില്‍ 32 വിദേശികളും പങ്കുചേരുന്നുണ്ട്. ഇന്‍സലാന്റ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ സ്വകാര്യ കമ്പനികളായ അന്റാറ ലക്ഷ്വറി റിവര്‍ ക്രൂയിസസ്, ജെഎം ബക്‌സി റിവര്‍ ക്രൂയിസസ് എന്നിവയാണ് ബോട്ട് സര്‍വീസ് നടത്തുക.
എം വി ഗംഗാ വിലാസ് :
എംവി ഗംഗാ വിലാസ് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് യാത്ര ആരംഭിച്ച് 51 ദിവസത്തിനുള്ളിൽ 3,200 കിലോമീറ്റർ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഢിലെത്തും. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 27 നദീതടങ്ങളിലൂടെ സഞ്ചരിക്കും. എംവി ഗംഗാവിലാസിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവും എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്. കന്നിയാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ യാത്രയുടെ മുഴുവൻ ദൈർഘ്യത്തിനും പേരുനൽകി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് എംവി ഗംഗാ വിലാസ് ക്രൂയിസ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീഘട്ടങ്ങൾ, ബിഹാറിലെ പട്ന, ഝാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ് 51 ദിവസത്തെ ക്രൂയിസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്കാരം, ചരിത്രം, ആത്മീയത എന്നിവയിൽ മുഴുകാനും അനുഭവസമ്പന്നമായ ഒരു യാത്ര ആരംഭിക്കാനും ഈ യാത്ര സഞ്ചാരികൾക്ക് അവസരം നൽകും.
റിവർ ക്രൂയിസ് ടൂറിസം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് അനുസൃതമായി, റിവർ ക്രൂയിസിന്റെ വലിയ സാധ്യതകൾ ഈ സേവനം ആരംഭിക്കുന്നതോടെ തുറന്നു കൊടുക്കപ്പെടും. ഇത് ഇന്ത്യയിൽ റിവർ ക്രൂയിസ് ടൂറിസത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടും.
വാരാണസിയിലെ ടെന്റ് സിറ്റി :
ഈ മേഖലയിലെ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഗംഗാ നദിയുടെ തീരത്താണ് ടെന്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. വാരാണസിയിലെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ വരവ്, പ്രത്യേകിച്ച് കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനത്തിന് ശേഷം, താമസ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന നഗരഘട്ടങ്ങൾക്ക് എതിർവശത്താണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. വാരാണസി വികസന അതോറിറ്റിയാണ് ഇത് പിപിപി മാതൃകയിൽ വികസിപ്പിച്ചിരിക്കുന്നത്. സമീപത്തുള്ള വിവിധ കടവുകളിൽ നിന്ന് ബോട്ടുകളിലാണ് വിനോദസഞ്ചാരികൾ ടെന്റ് സിറ്റിയിലെത്തുക. ടെന്റ് സിറ്റി എല്ലാ വർഷവും ഒക്ടോബർ മുതൽ ജൂൺ വരെ പ്രവർത്തിക്കും, മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മൂന്ന് മാസത്തേക്ക് ഇത് പൊളിച്ചുനീക്കും.
ഉൾനാടൻ ജലപാതാപദ്ധതികൾ :
പശ്ചിമ ബംഗാളിൽ ഹാൽദിയ ബഹുതല ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ജൽ മാർഗ് വികാസ് പ്രോജക്റ്റിന് കീഴിൽ വികസിപ്പിച്ചെടുത്ത, ഹാൽദിയ മൾട്ടി മോഡൽ ടെർമിനലിന് പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്, കൂടാതെ ഏകദേശം 3000 ടൺ കേവുഭാരം വരെയുള്ള കപ്പലുകൾ കൈകാര്യം ചെയ്യാൻ ബെർത്തുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ഗാസിപൂർ ജില്ലയിലെ സെയ്ദ്പൂർ, ചോചക്പൂർ, ജമാനിയ, ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ കാൻസ്പൂർ എന്നിവിടങ്ങളിലായി നാല് ഫ്ലോട്ടിംഗ് കമ്മ്യൂണിറ്റി ജെട്ടികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൂടാതെ, ബിഹാറിലെ ദിഘ, നക്ത ദിയാര, ബർഹ്, പട്‌ന ജില്ലയിലെ പാണപൂർ, സമസ്തിപൂർ ജില്ലയിലെ ഹസൻപൂർ എന്നിവിടങ്ങളിലെ അഞ്ച് കമ്മ്യൂണിറ്റി ജെട്ടികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗാനദിയിൽ 60ലധികം കമ്മ്യൂണിറ്റി ജെട്ടികൾ നിർമ്മിക്കുന്നു. ചെറുകിട കർഷകർ, മത്സ്യബന്ധന യൂണിറ്റുകൾ, അസംഘടിത കാർഷിക ഉൽപ്പാദന യൂണിറ്റുകൾ, തോട്ടക്കാർ, പൂക്കടകൾ, കരകൗശല വിദഗ്ധർ എന്നിവർക്ക് ഗംഗാനദിയുടെ ഉൾപ്രദേശങ്ങളിലും പരിസരങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലളിതമായ ലോജിസ്റ്റിക്സ് പ്രതിവിധികൾ നൽകി ജനങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിൽ കമ്മ്യൂണിറ്റി ജെട്ടികൾ പ്രധാന പങ്ക് വഹിക്കും.
വടക്കുകിഴക്കിനായുള്ള മാരിടൈം സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഗുവാഹത്തിയിൽ നിർവഹിച്ചു. വടക്ക് കിഴക്കൻ മേഖലയിലെ സമ്പന്നമായ പ്രതിഭകളെ ആദരിക്കുന്നതിനും വളർന്നുവരുന്ന ലോജിസ്റ്റിക് വ്യവസായത്തിൽ മികച്ച തൊഴിലവസരങ്ങൾ നൽകുന്നതിനും ഇത് സഹായിക്കും.
ഇവ കൂടാതെ ഗുവാഹത്തിയിലെ പാണ്ഡു ടെർമിനലിൽ കപ്പൽ അറ്റകുറ്റപ്പണി സൗകര്യത്തിനും എലിവേറ്റഡ് റോഡിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഒരു കപ്പൽ കൊൽക്കത്തയിലെ റിപ്പയർ ഫെസിലിറ്റിയിലേക്കും തിരിച്ചും കൊണ്ടുപോകാൻ ഒരു മാസത്തിലധികം സമയമെടുക്കുന്നതിനാൽ പാണ്ഡു ടെർമിനലിലെ ഷിപ്പ് റിപ്പയർ സൗകര്യം വിലപ്പെട്ട സമയം ലാഭിക്കും. മാത്രമല്ല, കപ്പലിന്റെ ഗതാഗതച്ചെലവും ലാഭിക്കുന്നതിനാൽ പണത്തിന്റെ കാര്യത്തിലും ഇത് വലിയ ലാഭമുണ്ടാക്കും. പാണ്ഡു ടെർമിനലിനെ ദേശീയ പാത 27മായി ബന്ധിപ്പിക്കുന്ന സമർപ്പിത റോഡ് കണക്റ്റിവിറ്റി 24 മണിക്കൂറും സാധ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: