2021 ജനുവരി 31 ലെ മന് കി ബാത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു, ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തില്‍ കോട്ടയത്ത് എന്‍.എസ്.രാജപ്പന് എന്നൊരു വയോധികനുണ്ട്. അദ്ദേഹത്തിന് നടക്കാന്‍ കഴിയില്ല. എന്നാല്‍ ഇതുകൊണ്ട് വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തോണിയില്‍ വേമ്പനാട്ട് കായലില്‍ പോകുകയും കായയില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്റെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്. നമ്മളും രാജപ്പനില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ശുചിത്വത്തിനു വേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭവന നല്‍കണം’.
നരേന്ദ്രമോദിയുടെ ഈ വാക്കുകള്‍ മാറ്റി മറിച്ചത് കുമരകം മഞ്ചാടിക്കരി രാജപ്പന്റെ ജീവിതമാണ്. വള്ളത്തില്‍ പോയി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ആക്രിക്കടയില്‍ വിറ്റ് ഉപജീവനം നടത്തിയിരുന്ന രാജപ്പന്റെ പേരില്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം. വെള്ളപ്പെക്കത്തില്‍ തകര്‍ന്ന കുടിലിനു പകരം മനോഹരമായ വീട് . കൊതുമ്പുവള്ളത്തിനു പകരം സ്വന്തമായി 5 ഫൈബര്‍ ബോട്ടുകള്‍.
രാജപ്പന് കായലില്‍ കുപ്പികള്‍ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു എന്ന യുവാവ് തന്റെ കാമറയില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് ദേശീയ പത്രങ്ങള്‍ അടക്കം വിഷയം ചര്‍ച്ചയാക്കിയത്. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും എത്തിയത്.
ഈ ജലശ്രോതസുകള്‍ മലിനമാകുന്നത് കണ്ടാണ് രാജപ്പന് വള്ളത്തില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടില്‍ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികള്‍ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. കടവില്‍ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്പോഴെ വില്‍ക്കൂ. വാടകക്കെടുത്ത വള്ളത്തിലാണ് നേരത്തെ കുപ്പി പെറുക്കാനിറങ്ങിയിരുന്നത്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സഹായിച്ച് ഒടുവില്‍ രാജപ്പന് സ്വന്തമായി ഒരു വള്ളം ലഭിച്ചു.
വീടിനു സമീപത്തെ കടവില്‍ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തില്‍ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികള്‍ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്ക്കുന്ന കുപ്പികള്‍ കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.മറ്റ് ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കായലിലെ കുപ്പികള്‍ പെറുക്കി വിറ്റു കിട്ടുന്ന തുക ഉപജീവന മാര്‍ഗവുമായി ജീവിച്ച രാജപ്പന്റെ ജീവിതം മാറ്റി മറിക്കുന്നതായിരുന്ന നരേന്ദ്രമോദിയുടെ പ്രശംസ.
സഹായം പലരൂപത്തില്‍ പലസ്ഥലങ്ങളില്‍ നിന്നെത്തി. തായ്വാന് സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്റെ 10,000 യുഎസ് ഡോളറും (8 ല്്ഷംരൂപ) പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരമായിരുന്നു അതില്‍ വലുത്.പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്വാന് പ്രശംസാപത്രത്തില്‍ പറഞ്ഞു.സ്ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് രാജപ്പന്റെ, സ്വന്തമായൊരു വള്ളവും എന്‍ജിനുമെന്ന സ്വപ്നം സഫലമാക്കി. കിടപ്പാടമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രവാസി മലയാളികള്‍ ആദ്യ ധനസഹായവും ചെയ്തു. നിരവധി പരിസ്ഥിതി സംഘടനകളും വ്യക്തികളും പണം നല്കി.
പോളിയോ ബാധിച്ച് രണ്ടുകാലിനും സ്വാധീനമില്ലാത്ത അവിവാഹിതനായ രാജപ്പന്റെ കാര്യങ്ങള്‍ ബന്ധുക്കളാണ് നോക്കുന്നത്. പ്രകൃതിയുടെ ഈ രക്ഷകന്റെ ഇനിയുള്ള ഏക ആഗ്രഹം, സ്വര്‍ഗ്ഗസമാന ജീവീതം സമ്മാനിച്ച നരേന്ദ്ര മോദിജിയെ നേരില്‍ കാണുക എന്നതു മാത്രം. കഴിഞ്ഞ ദിവസം ഗൃഹമ്പര്ക്കത്തിനായി മഞ്ചാടിക്കരിയിലെ രാജപ്പന്റെ വീട്ടിലെത്തിയ ബിജെപി മേഖല ജനറല്‍സെക്രട്ടറി ടി എന്‍ ഹരിയോടും ആവശ്യപ്പെട്ടത് അതുമാത്രം. നേരില്‍ കാന്‍ അവസരം ഒരുക്കാം എന്ന ബിജെപി നേതാവിന്റെ ഉറപ്പില്‍ പ്രതീ്ക്ഷ അര്‍പ്പിക്കുകയാണ് 77 കാരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: