മാനന്തവാടി : വയനാട്ടില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാനായി ശ്രമങ്ങള്‍ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും കടുവയെ പിടിക്കുന്നതിനായി കൂടും സ്ഥാപിച്ചിരിക്കുകയാണ്. കടുവ കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്കുവെടിവെച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ തീരുമാനം.
കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കര്ഷകന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധവും ശക്തമാണ്. മരിച്ച തോമസിന്റെ മൃതദേഹം അധികൃതരുടെ ഭാഗത്തു നിന്നും നടപടി സ്വീകരിക്കാതെ സംസ്കരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. കടുവയെ വെടിവെച്ച് കൊല്ലണം. തോമസിന്റെ മരണത്തില്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കണം. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ മൃതദേഹം സംസ്കരിക്കൂവെന്നാണ് തോമസിന്റെ ബന്ധുക്കള്‍ അറിയിച്ചത്.
അതിനിടെ കടുവയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ച് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞ് 30 പേരാണ് തെരച്ചില്‍ നടത്തുന്നത്. സംഭവത്തില്‍ മാനന്തവാടി താലൂക്കില്‍ ബിജെപിയും യുഡിഎഫും വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. കടുവഭീതി തുടരുന്നതിനാല്‍ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എടവക പഞ്ചായത്തിലെ രണ്ട് സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: