ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കസ്ട്രയെന്നു വിശേഷിപ്പിക്കുന്ന, പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളപ്രമാണ സ്ഥാനത്തു നിന്ന് പെരുവനം കുട്ടന്മാരാരെ മാറ്റിയിരിക്കയാണ്. രണ്ടു വ്യാഴവട്ടക്കാലമായി മേടത്തിലെ പൂരം നാളില്‍ ശക്തന്റെ തട്ടകത്തില്‍ വടക്കുന്നാഥന്റെ മതില്‍ക്കകത്ത് തിങ്ങിനിറഞ്ഞ പുരുഷാരത്തെ ഇരമ്പിയാര്‍ക്കുന്ന താളപ്പെരുക്കങ്ങളാല് ഇളകിയാടിച്ച കാലപ്രമാണമായിരുന്നു പെരുവനത്തിന്റേത്. 1977 ലാണ് ഇലഞ്ഞിത്തറമേള നിരയിലേക്ക് 15-ാമത്തെ ചെണ്ടക്കാരനായി ശങ്കരനാരായണന് എന്ന കുട്ടന് എത്തുന്നത്. പൂരത്തിന് കൊട്ടണമെന്നത് വലിയ മോഹമായിരുന്നു. അന്ന് അവിടെ പല്ലശ്ശന പത്മനാഭ മാരാരായിരുന്നു പ്രമാണി. 3 വര്‍ഷം അദ്ദേഹത്തിനൊപ്പം, പിന്നെ പരിയാരത്ത് കുഞ്ചുമാരാരുടെ കൂടെ നാലു വര്‍ഷവും പല്ലാവൂര്‍ അപ്പുമാരാരുടെ പ്രമാണത്തില്‍ 13 വര്‍ഷവും പൂരനിരയില്‍ കൊട്ടി.
ഗുരുതുല്യനായ ചക്കംകുളം അപ്പുമാരാര്‍ക്കും രാമങ്കണ്ടത്ത് ഉണ്ണി മാരാര്‍ക്കുമൊപ്പം വാദ്യവേദി പങ്കിട്ടു. അഞ്ച് പ്രമാണിമാര്‍ക്കൊപ്പം പൂരം കൊട്ടിയതിന്റെ അനുഭവത്തിനു ശേഷമാണ് 1999ല്‍ പൂരങ്ങളുടെ പൂരത്തിന്റെ ഇലഞ്ഞിത്തറയിലെ നായകനായി പെരുവനം വരുന്നത്. പാറമേക്കാവിലമ്മയുടെയും ഗുരുനാഥന്മാരുടേയും അനുഗ്രഹത്താലും സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയാലും ഓരോ വര്‍ഷവും മേളം ഒന്നിനൊന്ന് മെച്ചമാക്കാന്‍ കുട്ടന് മാരാര്‍ക്ക് കഴിഞ്ഞിരുന്നു. മേടത്തിലെ പൂരം നാളില്‍ തൃക്കൂരപ്പനേയും ചേര്‍പ്പ് ഭഗവതിയെയും കുളിച്ചു തൊഴുത് പ്രാര്‍ഥിച്ചാണ് പൂരത്തിനെത്താറുള്ളത്. ഏറെ ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമായിരുന്നു മേടപ്പൂരപുലരിയില് കുട്ടന് മാരാര്‍ സാംസ്കാരിക നഗരിയിലെത്താറുള്ളത്. എത്ര പൂരങ്ങള്‍ക്ക് പ്രമാണിച്ചാലും മേടത്തിലെ പൂരം നാളില്‍ വടക്കുന്നാഥന്റെ മതില്ക്കകത്തെ ഇലഞ്ഞിത്തറ മേളത്തെപ്പറ്റി പറയുമ്പോള്‍ പെരുവനത്തിന് ഒരു കൂട്ടിപ്പെരുക്കമാണ്. കാരണം, പൂരങ്ങള്‍ അനവധിയുണ്ടെങ്കിലും പൂരങ്ങളുടെ പൂരത്തിനു സമം അതുമാത്രം.
ലോകമെമ്പാടുമുള്ള മലയാളികള്‍ പൂരമേളം കാണാന്‍ കാത്തിരിക്കുന്നതും അവരെ നിരാശരാക്കാതിരിക്കണമെന്നതും കുട്ടന് മാരാര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഇലഞ്ഞിത്തറയില്‍ മേളത്തിനിടെ മേളം കൈവിട്ടു പോകുന്ന അവസ്ഥയില്‍ നിശ്ചയദാര്‍ഢ്യത്തോടെ തിരിച്ചുപിടിച്ച അനുഭവമുണ്ട് മാരാര്‍ക്ക്. ഈരാറ്റുപേട്ട അയ്യപ്പന് എന്ന ആന കാലില്‍ തരിപ്പുമൂലം കുഴഞ്ഞുവീഴാന്‍ പോയി. മറ്റ് ആനകളെയെല്ലാം മാറ്റാനുള്ള ശ്രമമായി. ആന ഇടഞ്ഞെന്ന് പ്രചരണമുണ്ടായി. മേളക്കാരും ചിലരൊക്കെ ഓടാന്‍ തുടങ്ങി. എന്നാല്‍ ലോകം മുഴുവന്‍ സസൂക്ഷ്മം വീക്ഷിക്കുന്നതും ശ്രവിക്കുന്നതുമായ ഇലഞ്ഞിത്തറ മേളത്തെ കൈവിടാന്‍ മാരാര്‍ ഒരുക്കമായിരുന്നില്ല. നിമിഷനേരം മേളത്തിന്റെ ശബ്ദം ഒന്നു കുറഞ്ഞെങ്കിലും പൂര്‍വാധികം കരുത്തോടെ ഇലഞ്ഞിത്തറമേളം തുടര്‍ന്നു.
മൂന്നു വര്‍ഷം മുമ്പ് പൂരത്തിന് പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് തുടങ്ങി ഗോപുരത്തിനു മുമ്പില്‍ ഇലഞ്ഞിത്തറ മേളത്തിന്റെ കൊലുമ്പലിനിടയില് കുട്ടന് മാരാര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടനെ ക്ഷേത്ര ഭാരവാഹികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടും പെരുവനം ആശുപത്രിയില്‍ നിന്നും നേരേ പോന്നത് ഇലഞ്ഞിത്തറയിലേക്കായിരുന്നു. പൂരപ്രേമികളെ ഒട്ടും നിരാശരാക്കാതെ മേളം തുടര്‍ന്നു. അതുപോലെ ഒരു വര്‍ഷം ഭൂമിയിലെ ദേവമേളയെന്നു പുകള്‍പ്പെറ്റ ആറാട്ടുപുഴ പൂരത്തിന് മഴ അലോസരമുണ്ടാക്കിയപ്പോള്‍ മേളം നിര്‍ത്തി ഓടാന്‍ പോയ മേളക്കാരെ പിടിച്ചുനിര്‍ത്തുകയും ഒട്ടും കൂസാതെ മേളാസ്വാദകരായ പതിനായിരങ്ങളെ കോരിത്തരിപ്പിച്ച ചരിത്രവും കുട്ടന് മാരാര്‍ക്കുണ്ട്. ഇനി ഒരു ഇലഞ്ഞിത്തറ മേളം കൂടി പ്രമാണിക്കാനായിരുന്നെങ്കില് പൂരമേള പ്രമാണത്തിന്റെ രജതജൂബിലി ആയിരുന്നു. എന്നാല്‍ കാല് നൂറ്റാണ്ടെന്ന സ്വപ്നത്തിന് വിഘാതമായി ഇപ്പോള്‍ പാറമേക്കാവ് ദേവസ്വം കുട്ടന്മാരാരെ മേളപ്രമാണത്തില്‍ നിന്നും മാറ്റിയിരിക്കയാണ്. മീനത്തിലെ പൂയം നാളില്‍ നടക്കുന്ന പെരുവനം പൂരത്തില്‍ ആറാട്ടുപുഴ ശാസ്താവിന്റെ ഇറക്കപ്പാണ്ടി പ്രസിദ്ധമാണ്. വര്‍ഷങ്ങളായി പെരുവനം കുട്ടന് മാരാര്‍ക്കാണ് അതിന്റേയും പ്രമാണം. ഇപ്പോള്‍ ഇതാ, പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളപ്രമാണത്തിന്റെ ‘ഇറക്ക’പ്പാണ്ടിയായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന പാറമേക്കാവ് വേലയുടെ പാണ്ടിമേളം. ഭഗവതിയുടെ അനുഗ്രഹവും ദേവസ്വത്തിന്റെ സഹകരണവും തനിക്ക് മറക്കാനാവാത്തതാണെന്നും ഏറെ സംതൃപ്തിയോടെയാണ് ഇലഞ്ഞിത്തറയില്‍ നിന്നും പടിയിറങ്ങുന്നതെന്നും കുട്ടന് മാരാര്‍ പറഞ്ഞു.
തിരുവമ്പാടിയുടെ മേളപ്രമാണിയായ കിഴക്കൂട്ട് അനിയന് മാരാരാണ് അടുത്ത പൂരത്തിന് ഇലഞ്ഞിത്തറ മേളത്തിന്റെ അമരക്കാരന്. കിഴക്കൂട്ടിന്റെ ചിരകാലാഭിലാഷമാണ് ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണമെന്നത്. ഏതാനും വര്‍ഷം മുമ്പ് പാറമേക്കാവിന്റെ പകല്‍പൂരത്തിന് കിഴക്കൂട്ട് പ്രമാണം വഹിച്ചിരുന്നു. 77 വയസായ അനിയന് മാരാരെ ഇലഞ്ഞിത്തറ മേളപ്രമാണത്തിന് കൊണ്ടുവരണമെന്നത് പാറമേക്കാവ് ദേവസ്വത്തിന്റേയും ആഗ്രഹമാണ്. കുട്ടന് മാരാരുടെ മാറ്റത്തോടെ ഇരുവിഭാഗങ്ങളിലും മേളനിരയില്‍ കാര്യമായ മാറ്റത്തിനു സാധ്യതയുണ്ട്. കുട്ടന് മാരാര്‍ക്കു ശേഷം പെരുവനം സതീശന് മാരാര്‍ക്കായിരുന്നു ഇലഞ്ഞിത്തറയുടെ പ്രമാണം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കിഴക്കൂട്ടിന്റെ വരവോടെ ഈ പൂരത്തിനും സതീശന് മാരാര്‍ക്ക് പ്രമാണം ലഭിക്കില്ല. തിരുവമ്പാടിയിലും മേളപ്രമാണം ആരെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൂരപ്രേമികള്‍. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരാണ് അവിടെ രണ്ടാം സ്ഥാനക്കാരന്. എന്നാല്‍ അദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: