കൊല്‍ക്കത്ത: രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ച് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 16 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 89 എന്ന നിലയിലായി ഇന്ത്യ. രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ (36) രാഹുല്‍ സഖ്യം കൂട്ടിചേര്‍ത്ത റണ്‍സാണ് ഇന്ത്യയെ രക്ഷിച്ചത്. ഇരുവരും 75 റണ്‍സ് കൂട്ടിചേര്‍ത്തു. ഹാര്‍ദിക്കിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് കരുണാരത്നെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്കി. അക്സര്‍ പട്ടേല്‍ (21) നിര്‍ണായക ഘട്ടത്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. രാഹുല്‍ ഒരറ്റത്ത് ഉറച്ച് നിന്നതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. കുല്‍ദീപ് യാദവ് (10) പുറത്താവാതെ നിന്നു. ലാഹിരു കുമാര, കരുണാരത്നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക മികച്ച തുടക്കത്തിനുശേഷം തകര്‍ന്നടിയുകയായിരുന്നു.39.4 ഓവറില്‍ 215 റണ്‍സിന് ലങ്കന്‍ നിര പുറത്തായി. 50 റണ്‍സെടുത്ത നുവാനിഡു ഫെര്‍ണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്കോറര്‍.സിറാജ് 5.4 ഓവറില്‍ 30 റണ്‍സിനാണ് മൂന്ന് വിക്കറ്റെടുത്തത്. കുല്‍ദീപ് 10 ഓവറില്‍ 51 റണ്‍സിനാണ് മൂന്ന് വിക്കറ്റെടുത്തത്. ഉമ്രാന് രണ്ടും അക്സര്‍ പട്ടേലിന് ഒരു വിക്കറ്റുമുണ്ട്.
ടോസ് നേടി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍മാരായ ആവിഷ്ക ഫെര്‍ണാണ്ടോയും(20) നുവാനിഡു ഫെര്‍ണാണ്ടോയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. തുടര്‍ന്ന് ലങ്കന്‍ ബാറ്റര്‍മാരായ നുവാനിഡു ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും സ്കോര്‍ ഉയര്‍ത്താന്‍ നോക്കിയെങ്കിലും സ്പിന്‍ അറ്റാക്കില്‍ വീണു. ഇരുവരും രണ്ടാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
പതിനേഴാം ഓവറില്‍ 102-1 എന്ന മികച്ച നിലയിലായിരുന്നു. ചാഹലിന് പകരം ടീമിലെത്തി കുല്‍ദീപ് യാദവ് തന്റെ ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ (34) വിക്കറ്റിന് മുന്നില്‍ കുടുക്കി ലങ്കന്‍ തകര്‍ച്ചക്ക് തുടക്കമിട്ടു. പിന്നാലെ ധനഞ്ജയ ഡിസില്‍വയെ(0) അക്സര്‍ ഡക്കാക്കിയതിന് പിന്നാലെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി ഫെര്‍ണാണ്ടോ റണ്‍ ഔട്ടായി.
ചരിത് അസലങ്കയെയും (15), കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെയും (2) കുല്‍ദീപ് വീഴ്ത്തി. പ്രത്യാക്രമണത്തിലൂടെ റണ്‍സ് നേടാന്‍ ശ്രമിച്ച വാനിന്ദു ഹസരങ്കയെയും (21), ചമിക കരുണരത്നെയും (17) ഉമ്രാന് മാലിക് മടക്കുകയും ചെയ്തു. കസുന്‍ രജിയതയും(17), വെല്ലാലഗെയും(32) നടത്തിയ പോരാട്ടം ലങ്കയെ 200 കടത്തിയെങ്കിലും 40-ാം ഓവറില്‍ രണ്ട് വിക്കറ്റെടുത്ത് സിറാജ് ലങ്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: