കൊല്‍ക്കത്ത: ഗുവാഹത്തിയില്‍ അവസാനിപ്പിച്ചേടത്ത് നിന്ന് തുടങ്ങാന്‍ ഇന്ത്യ ഇന്ന് കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന് ഗാര്‍ഡനില്‍. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പര ഉറപ്പിക്കുക രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ലക്ഷ്യം.
ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യമുറപ്പിച്ചാണ് ഗുവാഹത്തിയില്‍ ഇന്ത്യ ജയിച്ചു കയറിയത്. ബാറ്റിങ്ങില്‍ ആദ്യത്തെ മൂന്നു പേരും തകര്‍ത്തു കളിച്ചു. സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും പിരിഞ്ഞത്. മൂന്നാമനായെത്തിയ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയും ഇന്ത്യന്‍ പോരാട്ടം മുന്നോട്ടു നയിച്ചു. കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയില്ല. ഇന്നും ഈ ബാറ്റിങ് നിര നിലനിര്‍ത്താനാണ് സാധ്യത. അതേസമയം, ഇഷാന് കിഷനെയും സൂര്യകുമാര്‍ യാദവിനെയും ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ബൗളിങ്ങില്‍ അക്സര്‍ പട്ടേല്‍ ഒഴികെയുള്ളവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മികച്ച രീതിയിലാണ് ബൗളിങ് തുടങ്ങിയത്. ഇതോടെ, ലങ്കയുടെ മുന്‍നിര തകര്‍ന്നു. ഇന്ത്യക്ക് മത്സരത്തില്‍ മുന്‍തൂക്കവും ലഭിച്ചു. ഉമ്രാനും ഷമിയും മാത്രമാണ് ഓവറില്‍ ആറു റണ്ണിലേറെ വിട്ടു നല്‍കിയത്. ബൗളിങ്ങില്‍ ഇന്നും മാറ്റത്തിന് സാധ്യതയില്ല.
മുന്‍നിരക്കാര്‍ റണ്‍ കണ്ടെത്താനാകാത്തതാണ് ലങ്കയുടെ വലിയ പ്രതിസന്ധി. ഗുവാഹത്തിയില്‍ പാത്തും നിസങ്ക മാത്രമാണ് തിളങ്ങിയത്. മധ്യനിരയില്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക ഫോമിലാണ്. ഷനകയ്ക്കൊപ്പം നില്ക്കാന് മറ്റുള്ളവര്ക്കാകുന്നില്ല. അവരുടെ ബൗളര്‍മാര്‍ നിരാശപ്പെടുത്തുന്നു. വാനിന്ദു ഹസരംഗ, ദാസുന്‍ തുടങ്ങിയവര്‍ക്കൊന്നും ഇന്ത്യന്‍ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കാനാകുന്നില്ല. പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ഈഡന് ഗാര്‍ഡനിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: