ന്യൂദല്‍ഹി: ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റും ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (എഐഎസ്എ) അംഗവുമായ ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് പ്രോസിക്യൂഷന് അനുമതി നല്കി ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. ഇന്ത്യന്‍ സേനയ്ക്കെതിരേ ട്വിറ്ററിലൂടെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച സംഭവത്തിലാണ് നടപടി. 2019ലാണ് വിവാദമായ ട്വീറ്റുമായി ഷെഹ്ല രംഗത്തെത്തിയത്. രാജ്യത്തെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ മുന്‍വിധിയോടെ വ്യാജ ആരോപണങ്ങള്‍ സൈന്യത്തിനെതിരേ ഉന്നയിച്ചു എന്നാണ് കേസ്.
സമൂഹത്തില്‍ ശത്രുത വളര്‍ത്തുന്നതിനും ഷെഹ് ല ലക്ഷ്യമിട്ടിരുന്നു. 2019 ഓഗസ്റ്റില്‍, ജമ്മു കശ്മീര്‍ പോലീസിന് ക്രമസമാധാന നിലകളില്‍ അധികാരമില്ലെന്നും അവര്‍ ശക്തിയില്ലാത്തവരാണെന്നും ഷെഹ്ല ആരോപിച്ചിരുന്നു. സൈന്യം രാത്രിയില്‍ വീടുകളില്‍ കയറി ആണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു പോകുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തതായി അവര്‍ ട്വീറ്റ് ചെയ്തു. രാത്രിയില്‍ സായുധ സേനകള്‍ വീടുകളില്‍ കയറുന്നു, ആണ്‍കുട്ടികളെ പിടിക്കുന്നു, വീടുകള്‍ കൊള്ളയടിക്കുന്നു, റേഷന്‍ സാധനങ്ങള്‍ തറയില്‍ എറിയുന്നു, അരിയില്‍ എണ്ണ കലര്‍ത്തുന്നു എന്നായിരുന്നു ഒരു ട്വീറ്റ് . മറ്റൊരു ട്വീറ്റില്‍ ഷോപിയാനില്‍ നാലു പുരുഷന്മാരെ ആര്‍മി ക്യാമ്പിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. മൈക്ക് അവരുടെ അടുത്ത് വെച്ചതിനാല്‍ പ്രദേശം മുഴുവന്‍ അവരുടെ നിലവിളി കേള്‍ക്കുകയും ഭീതിയിലാകുകയും ചെയ്തെന്നും ഷെഹ്ല ആരോപിച്ചു.
ട്വീറ്റുകളില്‍ ഷെഹ്ല റാഷിദിനെതിരേ അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ പരാതി നല്കി. ഷെഹ്ലക്കെതിരേ രാജ്യദ്രോഹ നിയമപ്രകാരം കേസെടുത്തു. ഇതേത്തുടര്‍ന്ന് 1973ലെ സെക്ഷന്‍ 196 പ്രകാരമാണ് ദല്‍ഹി ലെഫ്റ്റനന്റ് ജനറല്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്.ഇന്ത്യന്‍ സൈന്യം അവകാശവാദങ്ങള്‍ തള്ളുകയും ഷെഹ്ല റാഷിദിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: