കൊച്ചി : സംസ്ഥാനത്തെ അറുപത് ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനില്‍ക്കവേ സംസ്ഥാന സര്‍ക്കാര്‍ നിരോധനം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.
പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂര്‍ണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അറുപത് ജിഎസ്എമ്മിന് മുകളിലുള്ള നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ക്ക് കേന്ദ്രം അടുത്തിടെ അനുമതി നല്കി നിയമ ഭേദഗതി വരുത്തിയിരുന്നു.
തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളില്‍ വരിക. ഇത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ല എന്നായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജിയിലെ പ്രധാന വാദം. ക്യാരി ബാഗ് നിര്‍മാതാക്കളും ചില സ്വകാര്യ വ്യക്തികളുമാണ് ഹര്‍ജി നല്‍കിയത്.
കേന്ദ്ര നിയമ ഭേദഗതി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് അറുപത് ജിഎസ്എമ്മിന് മുകളിലുള്ള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കിയത്. എന്നാല്‍ എന്നാല്‍ അറുപത് ജി എസ് എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. ഇവ നശിക്കുന്നില്ല കൂടാതെ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നു എന്നതുമാണ് പ്രധാന പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: