ന്യൂദല്‍ഹി: മതപരിവര്‍ത്തനം ഗൗരവുമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഇതിനാരും രാഷ്ട്രീയനിറം കൊടുക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.
ഏകീകൃതി സിവില്‍ നിയമം (യൂണിഫോം സിവില്‍ കോഡ്) ദേശീയ തലത്തില്‍ നടപ്പാക്കണമെന്നും ലവ് ജിഹാദിനെതിരെ കര്‍ശന നിയമം നടപ്പാക്കണമെന്നും ഉള്ള ചൂടുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് മതപരിവര്‍ത്തനത്തിനെതിരെ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.
വ്യാജമായ മാര്‍ഗ്ഗങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും കര്‍ശനമായ നടപടിയെടുക്കുന്നതിന് ആവശ്യമായ നിര്‍ദേശം തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറല്‍ ആര്. വെങ്കട്ട രമണിയുടെ സഹായം തേടി.
സുപ്രീംകോടതി ജഡ്ജിമാരായ എം.ആര്.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അറ്റോര്‍ണി ജനറല്‍ വെങ്കട്ട രമണിയോട് ഈ വിഷയത്തില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടു. ഭീഷണിയിലൂടെയും ഭയപ്പെടുത്തിയും സമ്മാനങ്ങളും ധനസഹായങ്ങളും നല്കി ചതിച്ച് വശീകരിച്ചും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ അമികസ് ക്യൂറിയെന്ന നിലയില്‍ സഹായിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
“പ്രലോഭനത്തിലൂടെയും മറ്റും മതപരിവര്‍ത്തനം നടത്തുന്ന കേസില്‍ താങ്കളുടെ സഹായം വേണം. പ്രലോഭനത്തിലൂടെയും വശീകരിച്ചും അനേകം വഴികളിലൂടെ മതപരിവര്‍ത്തനം നടക്കുന്നുവെങ്കില്‍ എന്താണ് ചെയ്യാന്‍ കഴിയുക? ഇത് തിരുത്താന്‍ എന്ത് നടപടികളെടുക്കണം?”- കോടതി അറ്റോര്‍ണി ജനറലിനോട് ആരാഞ്ഞു.
അതേ സമയം ഇത് രാഷ്ട്രീയപ്രേരിതമായ പരാതിയാണെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അഡ്വ. പി.വില്സന് അഭിപ്രായപ്പെട്ടു. ഈ വാദത്തിനെതിരെ സുപ്രീംകോടതി ബെഞ്ച് ശക്തമായി പ്രതികരിച്ചു. “ഇതുപോലെ പ്രകോപിതനാകാന് താങ്കള്‍ക്ക് വ്യത്യസ്ത കാരണങ്ങള്‍ ഉണ്ടാകാം. കോടതി നടപടികള്‍ മറ്റുകാര്യങ്ങളിലേക്ക് മാറ്റരുത്. ഞങ്ങള്‍ മുഴുവന്‍ രാജ്യത്തെക്കുറിച്ചും ഉല്‍കണ്ഠയുണ്ട്. താങ്കളുടെ സംസ്ഥാനത്ത് ഇത് നടക്കുകയാണെങ്കില്‍ മോശമാണ്. നടക്കുന്നില്ലെങ്കില്‍ നല്ലതാണ്. ഇത് ഒരു സംസ്ഥാനത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതായി കാണരുത്. ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്.”- സുപ്രീംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: