ഭോപ്പാല്‍: ഇന്ത്യയുടെ വളര്‍ച്ചയില്‍ രാജ്യത്തെ യുവജനതയുടെ പങ്കിനെ പ്രശംസിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിച്ച പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിന് തുടക്കം കുറിച്ച് സദസിനെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സംരംഭമോ സ്പോര്ട്സോ ആയിക്കോട്ടെ, വിനോദ സഞ്ചാരമോ സങ്കേതിക വിദ്യയോ ആയിക്കോട്ടെ ഏതു മേഖലയിലും രാജ്യത്തെ യുവാക്കളുടെ ഊര്‍ജം വര്‍ധിച്ചിരിക്കുന്നത് പ്രത്യക്ഷമാകുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ ശുഭാപ്തി വിശ്വാസം യുവാക്കളുടെ ഊര്‍ജത്തില്‍ പ്രതിഫലിക്കുന്നു. അവര്‍ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ സേവനങ്ങള്‍, അവര്‍ നല്കുന്ന പിന്തുണ എന്നിവയെക്കുറിച്ചും നഷ്ടപ്പെട്ട പാസ്പോര്‍ട്ടിന് പകരം എത്രയും പെട്ടെന്ന് പുതിയത് ലഭ്യമാക്കുന്നതിനെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. കൂടാതെ മലേഷ്യന്‍ ഹ്യൂമന്‍ റിസോഴ്സ് മന്ത്രി ശിവകുമാര്‍ വി. നായ്ഡുവുമായി കൂടിക്കാഴ്ചയും നടത്തി.
ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും സംസാരിച്ചു. പുതിയ കണ്ടെത്തലുകള്‍, അവയുടെ നടപ്പാക്കല്‍, തദ്ദേശീയത എന്നിവയിലെ ആശയങ്ങളാലാണ് ഇന്ന് രാജ്യം അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുപതോളം രാജ്യങ്ങളില്‍ നിന്ന് 3500ലധികം പ്രതിനിധികളാണ് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നത്. പ്രവാസി ഭാരതീയ ദിവസ് കണ്വെന്ഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: