കോട്ടയം: അല്‍ഫാം കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് മരിച്ച സംഭവത്തില്‍ കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിന്റെ ഉടമ പൊലീസ് പിടിയില്‍. കാസര്‍കോട് സ്വദേശി ഐ.എ. ലത്തീഫാണ് അറസ്റ്റിലായത്. കോട്ടയം ഗാന്ധി നഗര്‍ പൊലീസാണ് ഹോട്ടല്‍ ഉടമയെ കസ്റ്റഡിയില്‍ എടുത്തത്.
അല്‍ഫാം കഴിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ചികിത്സയിലായ പാലത്തറ സ്വദേശി രശ്മി രാജി (33) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മലപ്പുറം കുഴിമന്തി ഹോട്ടലുടമയുടെ അറസ്റ്റ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഉടനെ ഉണ്ടാകും.
നഴ്സ് മരിച്ചതിന് പിന്നാലെ ഇവിടെ നിന്നും ഭക്ഷണം കഴിച്ച് വിഷബാധയേറ്റ മറ്റ് എട്ട് പേര്‍ കോട്ടയം ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടയുടമയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ വിനോദ്കുമാറിന്റെ ഭാര്യ രശ്മി രാജ് തിരുവാര‍്പ്പ് പത്തിപ്പാറ വീട്ടില്‍ രാജു അംബിക ദമ്പതിമാരുടെ മകളുമാണ്.
അല്‍ഫാം കഴിച്ച് രാത്രി ആയപ്പോള്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ വയറ്റില്‍ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ ട്രോമ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിക്കുകയായിരുന്നു. തീവ്രമായ ഭക്ഷ്യവിഷബാധയാണ് രശ്മിക്ക് ഏറ്റതെന്നാണ് ഡോക്റ്റര്‍മാരുടെ പ്രാഥമിക നിഗമനം. പഴകിയ ചിക്കന്‍, അല്‍ഫാമിനൊപ്പം നല്‍കുന്ന മയനൈസ് എന്നിവയില്‍ നിന്നാണ് പ്രധാനമായും വിഷബാധയേല്‍ക്കുന്നത്.
അതേസമയം, ആദ്യമായല്ല മലപ്പുറം കുഴിമന്തി ഹോട്ടല്‍ ഇത്തരത്തില്‍ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നത്. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി റസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ച ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തില്‍ നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു. രശ്മിക്ക് ഒപ്പം സഹോദരന്‍ വിഷ്ണുരാജിനും ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. തുടക്കത്തില്‍ അല്‍ഫാം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കരുതിയതെങ്കില്‍ പിന്നീട് വിവിധതരം ഭക്ഷണം കഴിച്ചവര്‍ക്കും വിഷബാധയേറ്റിട്ടുണ്ടെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു.
ഇതേ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.അന്നും ഹോട്ടല്‍ പൂട്ടിച്ചതാണ്. പലപ്പോഴും കുഴിമന്തി, ഷവര്‍മ എന്നീ ഭക്ഷണങ്ങളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായിട്ടുള്ളത്. മുടിയൂര്‍ക്കരയിലെ സ്വകാര്യ സ്‌കാന്‍ സെന്ററിലെ മൂന്ന് ജീവനക്കാര്‍ ഇവിടെനിന്ന് കഴിച്ച ഭക്ഷ്യവിഷബാധ മൂലം ചികിത്സ തേടിയിട്ടുണ്ട്. ഡിസംബര്‍ 28ന് സ്‌കാന്‍ സെന്ററിലെ ആഘോഷത്തിന്റെ ഭാഗമായി സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി എന്ന സ്ഥാപനത്തില്‍ നിന്ന് പൊറോട്ടയും കോഴിക്കറിയും വാങ്ങിയിരുന്നു. ഇത് കഴിച്ച സാം ജെ.ഡാനിയേല്‍, തോമസ് വര്‍ക്കി, ശരത്ത് എസ്. എന്നിവര്‍ക്കാണ് വിഷബാധ ഏറ്റത്. ഇവര്‍ കുമാരനല്ലൂര്‍ കിംസ്, അയ്മനം ഗ്രേയ്‌സ്, മാവേലിക്കരയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ പലര്‍ക്കും ഇപ്പോഴും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: