ഡെറാഡൂണ്‍ : ഭൂമി ഇടിഞ്ഞു താഴുന്നെന്ന വിചിത്രമായ ഭൗമപ്രതിഭാസം മൂലം വിള്ളല്‍ വീണും ഭൂമി ഇടിഞ്ഞുതാഴ്ന്നും നിരവധി വീടുകള്‍ അപകടാവസ്ഥയിലായ ജോശിമഠില്‍ 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കി ഇവരെ അടിയന്തരമായി മാറ്റാനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുടെ നിര്‍ദ്ദേശം.
പ്രദേശത്തെ നൂറുകളക്കിന് വിടുകളിലാണ് വിള്ളല്‍ ഉണ്ടായിരിക്കുന്നത്. മണിടിഞ്ഞു താഴ്ന്നത് അടിയന്തരമായി പരിശോധിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. മനുഷ്യവാസമേഖലകളിലും കെട്ടിടങ്ങള്‍, ഹൈവേകളും നദിയുമായി ബന്ധപ്പെട്ട് നില്ക്കുന്ന സ്ഥലങ്ങളിലും മണ്ണിടച്ചിലുണ്ടാവുന്നതിനെക്കുറിച്ച് ഈ സംഘം പരിശോധന നടത്തും. വീട് ഒഴിയേണ്ടി വരുന്നവര്‍ക്ക് അടുത്ത 6 മാസത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു പ്രതിമാസം 4,000 രൂപ വാടക നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുഖ്യമന്ത്രി ഇന്ന് പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്. പെട്ടെന്ന് എടുക്കേണ്ട നടപടികളെക്കുറിച്ചും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാവേണ്ട പരിഹാരങ്ങളിലും ഉടന്‍ തന്നെ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ പ്രദേശത്ത് ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആവശ്യമെങ്കില്‍ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കടക്കം തയ്യാറായിരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.
നൂറുകണക്കിന് വീടുകളില്‍ വിള്ളലുകളുണ്ടാവുന്നതും ഭൂമിയിടിഞ്ഞ് താഴുന്നതും ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ജോശിമഠിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായത്. ഡിസംബര്‍ 24 മുതലാണ്ജോഷിമഠിലെ വീടുകള്‍ക്ക് വിള്ളലും പ്രദേശത്തെ മണ്ണ് ഇടിഞ്ഞു താഴ്ന്ന നിലയിലും കാണാന്‍ തുടങ്ങിയത്. നഗരത്തിലെ 561 വീടുകള്‍ അപകടനിലയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഇവിടെ ഒരു ക്ഷേത്രവും തകര്‍ന്നുവീണിരുന്നു. വിചിത്രമായ ഈ പ്രതിഭാസത്തെ തുടര്‍ന്ന് എന്‍ടിപിസിയുടെ ഹൈഡല്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. നാട്ടുകാരുടെ ആവശ്യ പ്രകാരമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ് തുടങ്ങിയ പ്രധാന ഹിന്ദു, സിഖ് മതകേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ജോഷിമഠ്. ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിക്കടുത്തുള്ള പ്രധാന സൈനിക താവളങ്ങളിലൊന്നും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: