അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് വലിയ സംഘടനയൊന്നുമല്ല. സിപിഎമ്മിന്റെ പെണ്ണുകൂട്ടം എന്ന പ്രാധാന്യം മാത്രം. വല്ലപ്പോഴും പ്രസ്താവന ഇറക്കുന്ന സംഘടന എന്നതിലപ്പുറം പ്രാധാന്യമൊന്നും ഈ മഹിളാ അസോസിയേഷനില്ല. സംഘടനയുടെ 13-ാം ദേശിയ സമ്മേളനം തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ചു. കാടിളക്കി പ്രചാരണം നടത്തി. സജി ചെറിയാനും ഇ.പി.ജയരാജനും നിറഞ്ഞു നില്ക്കുന്നതിനാല് കാര്യമായി വാര്ത്തായാകുന്നില്ല. പണമൊഴുക്കി നഗരത്തിലെല്ലാം ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. അവസാനം ‘സിപിഎം സഹോദരി’മാരെ സഹായിക്കാന്‍ ‘സിപിഎം തൊഴിലാളികള്‍’ രംഗത്തുവന്നു. ചരിത്രം ഉറങ്ങുന്ന തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം ‘വനിതാ രക്തസാക്ഷി’യുടെ ചിത്രമുള്ള പടുകൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തിന് രക്തസാക്ഷിയുടെ പേരും ഇട്ടു.
മഹിളാ അസോസിയേഷന് സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് സിഐടിയു ഉയര്‍ത്തിയ ബോര്‍ഡ് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായി. അങ്ങനെ ആയില്ലങ്കിലേ അത്ഭുതമുള്ളു. കാരണം ബോര്‍ഡിലെ വനിതാ രക്തസാക്ഷിയുടെ പേര് ബേനസീര്‍ ഭൂട്ടോ എന്നായിരുന്നു. ‘പാക്കിന്ഥാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ഹവാര്‍ഡ് ഉള്‍പ്പെടെ 9സര്‍വകലാശാലകളില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച വനിതയും’ എന്ന അടിക്കുറിപ്പോടെയാണ് ബേനസീറിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രം സ്ഥാപിക്കുക മാത്രമല്ല രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നസ്ഥലത്തിന് ‘ബേനസീര്‍ ഭൂട്ടോ സ്ക്വയര്‍’ എന്ന് പേരുമിട്ടു.
ആരാണ് ബേനസീര്‍ ഭൂട്ടോ. കിട്ടിയ എല്ലാ അവസരത്തിലും ഭാരതത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച പാക്കിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. യഥാര്‍ത്ഥത്തില്‍ കശ്മീരി ഹിന്ദുഹത്യയ്ക്ക് ആക്കം കൂട്ടിയതില്‍ പ്രധാന പങ്ക് അന്ന് പാക്ക് പ്രധാനമന്ത്രി ആയിരുന്ന ബേനസീറിനുണ്ട്. 1990ല്‍, ബേനസീര്‍ ഭൂട്ടോ നടത്തിയ ഒരു പ്രസംഗം ജമ്മു കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ കുതിപ്പിന് കാരണമാവുകയും കശ്മീരി ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തിലേക്ക് നയിക്കുകയും ചെയ്തു എന്നതാണ് ചരിത്രം.
അന്നത്തെ കശ്മീര്‍ ഗവര്‍ണറായിരുന്ന ജഗ്മോഹനെതിരെ ബേനസീര്‍ ഭൂട്ടോ നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ‘ഭാഗ് മോഹന്‍ ഹം അസ് കൊ ജഗ്മോഹന് ഹന് ബനാ ദേംഗാ’ (ഭയം മൂലം ജഗ്മോഹന് ഓടിപ്പോകും എന്നും വിഘടനവാദികളാല്‍ ജഗ്മോഹന് തുണ്ടം തുണ്ടമാകുമെന്നും) എന്ന അവരുടെ പ്രസംഗം വലിയ വാര്‍ത്തയായിരുന്നു. ‘ജഗ്ജാഗ്മോമോഹാന്ഹാന് ആയി ജഗ്മോഹനെ വെട്ടിമാറ്റപ്പെടും. കശ്മീരി മുസ്ലീങ്ങള്‍ക്ക് ഭയമില്ല, കാരണം അവര്‍ മുസ്ലീങ്ങളാണ്. കശ്മീരി മുസ്ലീങ്ങളുടെ സിരകളില്‍ മുജാഹിദുകളുടെയും ഗാസികളുടെയും രക്തമുണ്ട്. കശ്മീരികള്‍ അവരുടെ സ്വാതന്ത്ര്യം ധീരതയോടെ ഏറ്റെടുക്കും. എല്ലാ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും എല്ലാ പള്ളികളില്‍ നിന്നും ആസാദി എന്ന ഒരു ശബ്ദം മാത്രം പ്രതിധ്വനിക്കും,’ എന്നായിരുന്നു ഇസ്ലാമാബാദില് വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബേനസീര്‍ പറഞ്ഞത്.
ബേനസീറിന്റെ അച്ഛനും മുന്‍ പാക്പ്രധാനമന്ത്രിയുമായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോ 1965ല്‍ വിദേശകാര്യ മന്ത്രി ആയിരുന്നപ്പോള്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യക്കെതിരെ 1000 വര്‍ഷം യുദ്ധം ചെയ്യുമെന്നും ഞങ്ങളുടെ വലിപ്പവും വിഭവങ്ങളും പരിഗണിക്കാതെ അവസാനം വരെ പോരാടുമെന്നും പ്രസംഗിച്ചിരുന്നു. ‘ഇന്ത്യയ്ക്കെതിരായ 1000 വര്‍ഷത്തെ യുദ്ധം’ എന്ന ഈ പ്രഖ്യാപനം കേവലം പ്രകോപനമോ വാചാടോപമോ ആയിരുന്നില്ല, അത് ഇന്ത്യയോടുള്ള പാകിസ്ഥാന്റെ നയത്തെ പ്രതിഫലിപ്പിക്കുന്നതാണ്. പിതാവിന്റെ അനശ്വര പൊങ്ങച്ചം ബേനസീര്‍ ആവര്‍ത്തിച്ചപ്പോള്‍, ‘ആയിരം വര്‍ഷത്തെ യുദ്ധത്തെക്കുറിച്ച് പറയുന്നവര്‍ക്ക് ആയിരം മണിക്കൂര്‍ പോലും കഴിയുമോ’ എന്ന് പാര്‍ലമെന്റില്‍ രാജീവ് ഗാന്ധി പോലും പരിഹസിക്കാന്‍ നിര്‍ബന്ധിതമായി.
2007ല്‍ റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ട ബേനസീറിന്റെ മരിക്കുന്നതിന് മുമ്പുള്ള അവസാന പ്രസംഗത്തിലും പാകിസ്ഥാന് അഭിമുഖീകരിക്കേണ്ട ഭീഷണികളിലൊന്നായി ഇന്ത്യയെ ചിത്രീകരിച്ചു. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ ഭീഷണിയെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ ഒരാളെ ഇന്ത്യയിലെ ഒരു സംഘടന മഹതിയായി ചിത്രീകരിക്കുന്നതിനെ ആര്‍ക്ക് എന്തു പറഞ്ഞ് ന്യായീകരിക്കാനാകും. രക്തസാക്ഷിയായ പ്രധാനമന്ത്രി എന്ന ന്യായം പറഞ്ഞാല്‍ രക്തസാക്ഷിയായ നമ്മുടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചിത്രം എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് ഉത്തരം വേണ്ടിവരും. കമ്മ്യൂണിസ്റ്റുകാരിയായിരുന്നെങ്കില് ആ ന്യായം നിരത്താമായിരുന്നു. ബേനസീറിനെ കുറിച്ച് അതും പറയാനാവില്ല. ജിഹാദിനെ സ്പോണ്സര് ചെയ്യുന്നതിലും തീവ്രവാദികളെ ഇന്ത്യയില്‍ തീവ്രവാദം തീവ്രമാക്കാന്‍ പരസ്യമായി പ്രേരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു എന്നതാണ് അവരുടെ ഇന്ത്യയിലെ മുദ്ര. അതുതന്നെയാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് ബേനസീര്‍ സ്വീകാര്യയാകുന്നത്. സദാം ഹൂസൈന്റെയും നാസര്‍ മദനിയുടേയും പടംവെച്ച് വോട്ടുപിടിക്കാമെങ്കിലാണോ, ബേനസീര്‍ ഭൂട്ടോ. നാല് വോട്ടുകിട്ടുമെങ്കില്‍ ശുന്നത്തിന് പോലും തയ്യാറായി നേതാക്കള്‍ നില്‍ക്കുമ്പോളാണോ ബോര്‍ഡിലെ ഒരു ഫോട്ടോ. രാജ്യസ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാജ്യത്തെ ഒറ്റിക്കൊടുത്ത പരാമ്പര്യം മാത്രമുള്ള കമ്മ്യൂണിസ്റ്റ് രക്തം പേറുന്നവര്‍ പെണ്ണുങ്ങളായാലും തൊഴിലാളിയായാലും ഇതിനപ്പുറവും ചെയ്യും. പക്ഷേ ഇത് സജി ചെറിയാന്റെ ഭരണഘടനാ അവഹേളനത്തേക്കാള് കടുത്ത രാജ്യദ്രോഹമാണ്. ചാരപ്രവര്‍ത്തിയാണ്. ശക്തമായ നടപടി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: