കോഴിക്കോട്: സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് വിളമ്പണോ എന്ന് തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്ന് പാചക ചുമതലയുള്ള പഴയിടം മോഹനന് നമ്പൂതിരി. കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നോണ്‍ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കായിക മേളയില്‍ മാംസാഹാരം വിളമ്പുന്നവര്‍ തന്റെ സംഘത്തില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
കലോത്സവത്തില്‍ താന്‍ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്മണമേധാവിത്തം എന്ന് വിമര്‍ശിക്കുന്നവര്‍ അതില്‍ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണം. അത്തരം അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും താന്‍ അങ്ങനെ ഒരാളല്ലെന്നും പഴയിടം വ്യക്തമാക്കി.
ഇത്രയധികം പേര് പങ്കെടുക്കന്ന മേളകളില്‍ മാംസാഹാരം വിളമ്പുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നത് വസ്തുതയാണ്. കഴിഞ്ഞ ദിവസം കലോത്സവത്തില്‍ പങ്കെടുക്കാന്‍ 9500 കുട്ടികളുണ്ടാവും എന്നായിരുന്നു കണക്ക്. എന്നാല്‍ 20,000ത്തിലേറെ പേരാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്. തീര്‍ന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്റെ ഗുണം. എത്രസമയം വരെ നോണ്‍ വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തില്‍ എനിക്ക് കൃത്യമായ ധാരണയുണ്ട്. കായികമേളയില്‍ നമ്മുടെ ടീം തന്നെ നോണ്‍ വെജ് വിളമ്പുന്നുണ്ടെന്നും വിവാദങ്ങള്‍ അനാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: