കോഴിക്കോട്: മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുകയും അരക്ഷിതമാക്കുകയും ചെയ്തുകൊണ്ടുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ കോഴിക്കോട്ടെ മുജാഹിദ്ദീന്‍ വേദിയിലെ പ്രസംഗം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാകുന്നു.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെയും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെയും ക്ഷണിച്ചതിന് നടുവത്തുല്‍ മുജാഹിദീന്‍ ഭാരവാഹികളെ യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് കര്‍ശനമായി വിമര്‍ശിച്ചിരുന്നു. ബിജെപി വ്യാജമതസൗഹാര്ദ്ദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ബ്രിട്ടാസിന്റെ വാദം.
പിന്നീടാണ് ബാബറി മസ്ജിദ് വിഷയം എടുത്തിട്ടത്. പണ്ട് ബാബറി മസ്ജിദ് ലക്ഷ്യം വെച്ച ബിജെപി ഇപ്പോള്‍ ഗ്യാന്‍വാപി പള്ളിയെയും ഷാഹി ഇദ്ഗാ മസ്ജിദിനെയും ലക്ഷ്യം വെയ്ക്കുകയാണെന്നായിരുന്നു ബ്രിട്ടാസിന്റെ വാദം. ജേണലിസ്റ്റ് എന്ന നിലയില്‍ 1992ല്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ച നേരിട്ട് കണ്ടതാണെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. മുസ്ലിം സമുദായത്തിനുള്ളില്‍ തീകോരിയിടുന്നതായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.
കേരളത്തിലെ മറ്റ് പത്രങ്ങള്‍ തര്‍ക്കഭൂമി എന്ന് വിശേഷിപ്പിച്ചപ്പോള്‍ താന്‍ അന്ന് ബാബറി മസ്ജിദ് തകര്‍ത്തു എന്ന് വളച്ചുകെട്ടില്ലാതെ എഴുതിയെന്നും ബ്രിട്ടാസ് അവകാശപ്പെട്ടു. പാര്‍ലമെന്റില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നതായിരുന്നു മറ്റൊരു വാദം. ജുഡീഷ്യറിയിലും പാര്‍ലമെന്റിലും മുസ്ലിം പ്രാതിനിധ്യം എത്രയാണെന്നും ബ്രിട്ടാസ് ചോദിച്ചു. കൃത്യമായും മുസ്ലിം സമുദായത്തിന്റെ ഉള്ളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ബ്രിട്ടാസിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: