ന്യൂദല്‍ഹി : ഓടുന്ന കാര്‍ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയി മരണമടഞ്ഞ യുവതി അപകടത്തിന് മുമ്പ് സുഹൃത്തുമായി വഴക്കിട്ടുവെന്ന് വെളിപ്പെടുത്തല്‍. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മാനേജര്‍ പോലീസിന് നല്കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
പുതുവത്സരാഘോഷത്തിനായി സുഹൃത്തിനൊപ്പം ഹോട്ടലിലെത്തിയതായിരുന്നു യുവതി. ഹോട്ടലില്‍ വെച്ച് ഇവര്‍ തമ്മില്‍ വഴക്കിട്ടു. ഹോട്ടല്‍ അധികൃതര്‍ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറില്‍ കയറി യുവതികള്‍ പോവുകയായിരുന്നു. എന്നാല്‍ വഴിയില്‍ വെച്ച് സ്കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോള്‍ ചെറിയ പരിക്കേറ്റ രണ്ടാമത്തെ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഹോട്ടല്‍ മാനേജരുടേയും മൊഴി പുറത്തുവന്നിരിക്കുന്നത്.
ഹോട്ടലില്‍ പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്ത യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുമായി ഇവര്‍ രാത്രി സംസാരിച്ചുവെന്നും പോലീസ് പറയുന്നുണ്ട്. സംഭവത്തില്‍ യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ മരണത്തില്‍ കൂടുതല്‍ വ്യക്തത കൈവരൂ.
അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും ദല്‍ഹി പോലീസിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും യുവതിയുടെ സഹോദരന് കുറ്റപ്പെടുത്തി.
സംഭവത്തില്‍ ദല്‍ഹി പോലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും. അദ്ദേഹം റിപ്പോര്‍ട്ട് തേടിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണ വേണമെന്ന നിലപാടിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കാന്‍ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: