കഞ്ചിക്കോട്: പാലക്കാട് ജില്ലയില്‍ രണ്ടാംവിള നെല്‍കൃഷി ആരംഭിച്ചെങ്കിലും യൂറിയയുടെയും ഫാക്ടംഫോസിന്റെയും വില ഉയരുന്നതിനൊപ്പം രാസവളക്ഷാമവും കര്‍ഷകരെ ദുരിതത്തിലാക്കുന്നു. നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ വളം നല്കാനാവാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. അടുത്തിടെയായി യൂറിയക്കും ഫാക്ടംഫോസിനും വില കുതിച്ചുയര്‍ന്നതിനാല്‍ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്.
സാധാരണ നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായാണ് രണ്ടാംവിള ആരംഭിക്കുന്നതെന്നിരിക്കെ ജില്ലയിലെ കര്‍ഷകര്‍ക്ക് ഈ കാലത്ത് 6000 ടണ്‍ ഫാക്ടംഫോസെങ്കിലും വേണം. ചിറ്റൂര്‍, പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലുള്ള ഡിപ്പോകളില്‍ ഫാക്ടംഫോസ് കിട്ടാനില്ല. പ്ലൈവുഡ് വ്യവസായത്തിന് വ്യാപകമായി യൂറിയ കൊണ്ടു പോകുന്നതിനാലാണ് സംസ്ഥാനത്ത് യൂറിയ ക്ഷാമം നേരിടുന്നത്. മാത്രമല്ല ആലുവയിലെ ഫാക്ടറിയില്‍ നിന്നും ലോറി വഴി മറ്റു ജില്ലകളിലേക്ക് വളമെത്തിക്കുന്നതിനുള്ള പ്രതിസന്ധികളും തിരിച്ചടിയാവുകയാണ്.
അയല്‍ സംസ്ഥാനങ്ങളിലേക്ക് ട്രെയിന്‍ മാര്‍ഗമാണ് രാസവളം കൊണ്ടുപോകുന്നതെങ്കില്‍ സംസ്ഥാനത്തിനകത്തും ട്രെയിന്‍ മാര്‍ഗം ഫാക്ടംഫോസ് എത്തിക്കണമെന്നാവശ്യവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് യൂറിയക്ക് പകരം മിശ്രിത വളമുപയോഗിച്ചാല് കാര്യമായ ഗുണം ലഭിക്കുന്നില്ലെന്നതിനാലാണ് കര്‍ഷകര്‍ മറ്റു വളങ്ങള്‍ തേടുന്നത്. സംസ്ഥാനത്ത് കൂടുതല്‍ വില്‍പ്പനയുള്ള രാസവളങ്ങളില്‍ പൊട്ടാസിനും യൂറിയക്കുമാണ് ആവശ്യക്കാരേറെയുള്ളതെന്നിരിക്കെ പൊട്ടാഷിന് 50 കിലോ ചാക്കിന് 1800 രൂപയും ഫാക്ടംഫോസിന് 50 കിലോ ചാക്കിന് 1500 ഉം യൂറിയ 45 കിലോ ചാക്കിന് 267ഉം ഇഫ്കോയ്ക്ക് 1450 രൂപയുമാണ് വിപണി വില. ഇഫ്കോ അടക്കമുള്ള കമ്പനികളുടെ കോംപ്ലക്സ് വളം വിപണിയില്‍ ലഭ്യമാണെങ്കിലും കര്‍ഷകര്‍ക്ക് കാലങ്ങളായി കൂടുതല്‍ താല്പര്യമുള്ളതും ചിലവേറെയുള്ളതും ഫാക്ടംഫോസിനാണ്.
രണ്ടാം വിളയാണെങ്കിലും ഒന്നാം വിളയാണെങ്കിലും ഫാക്ടംഫോസിനൊപ്പം യൂറിയയും ചേര്‍ത്താല്‍ മാത്രമേ നടീല്‍ കൃത്യമായ നടത്താനാവൂ. ഫാക്ടംഫോസിന് 100 ഉം ഇതര കോംപ്ലക്സ് വളങ്ങള്‍ 50 -80 രൂപയുമാണ് വര്ദ്ധിച്ചിട്ടുള്ളതെന്നിരിക്കെ കൂടുതല്‍ വളമെടുത്തവര്ക്ക് നല്ലൊരു തുക അധികം വില മുടക്കേണ്ടി വരും. സഹകരണ ബാങ്കുകള്‍ വഴിയും സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയുമാണ് കര്‍ഷകര്‍ക്ക് രാസവളം വിതരണം നടത്തുന്നത്. ജില്ലയില്‍ നടീല്‍ ആരംഭിച്ചാല്‍ 15-20 ദിവസത്തിനുള്ളില്‍ യൂറിയ പ്രയോഗിക്കുന്നതെന്നതിനാല് പിന്നീട് പൊട്ടാഷും യൂറിയയും ചേര്ത്തിടുന്നതാണ് രീതി. എന്നാല്‍ നിലവില്‍ വളത്തിന്റെ വില വര്‍ദ്ധനയും രാസവള ക്ഷാമം മൂലം കടമെടുത്തും മറ്റും കൃഷിയിറക്കിയ കര്‍ഷകര്‍ നെല്‍കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: