കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി. ഇനി കോഴിക്കോടിന്റെ രാപ്പകലുകൾക്ക് കലയുടെ നിറച്ചാർത്ത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അനീഷ്, മേയര്‍ ബീനാ ഫിലിപ്പ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്,എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി. തുടര്‍ന്നായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.
എണ്ണംകൊണ്ട് 61 ആണെങ്കിലും സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഐക്യകേരളത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറുന്ന കേരളത്തിലേയ്‌ക്ക് പിടിച്ച കണ്ണാടിയാവുകയാണ് സ്കൂള്‍ കലോത്സവം. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ കലാപ്രകടനങ്ങള്‍ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹിക വിമര്‍ശനത്തിന്റെയും നവീകരണത്തിന്റെയും ചാല് കീറുന്നതിനായി വിവിധ കലകളെ പുതുതലമുറ ഉപയോഗപ്പെടുത്തുന്ന സാംസ്കാരിക കൂട്ടായ്‌മായി കലോത്സവം മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്‌മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. കുട്ടികൾ സർഗവാസനകൾ അവതരിപ്പിക്കട്ടെ, അത് കണ്ട് സന്തോഷിക്കാൻ നമുക്കും രക്ഷിതാക്കൾക്കും കഴിയണം. അന്യം നിന്ന് പോകുന്ന കലകളുടെ വീണ്ടെടുപ്പ് കൂടിയാണ് കലോത്സവ വേദികളെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: