ന്യൂദല്‍ഹി: 2016ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച അന്ന് മുതല്‍ അതിനെതിരെ കുരിശ് യുദ്ധം നടത്തുന്ന നേതാവാണ് കോണ്‍ഗ്രസിന്റെ പി.ചിദംബരം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം തെറ്റായിരുന്നു എന്ന് സുപ്രീംകോടതിയെക്കൊണ്ട് പറയിച്ചാല്‍ 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന പി.ചിദംബരത്തിന്റെ ദുഷ്ടലാക്കാണ് തിങ്കളാഴ്ചത്തെ സുപ്രീംകോടതി വിധിയോടെ തകര്‍ന്നത്.
നോട്ട് നിരോധനം ദുരുദ്ദേശ്യപരമാണെന്നും വേണ്ടത്ര ആലോചനയില്ലാതെ നടത്തിയതാണെന്നും കള്ളപ്പണം കണ്ടെത്തിയില്ലെന്നും ഉള്‍പ്പെടെ ഒട്ടേറെ വാദമുഖങ്ങള്‍ പി.ചിദംബരം സുപ്രീംകോടതിയില്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് മുഖവിലയ്ക്കെടുത്തില്ല.
നോട്ട് നിരോധിക്കാന്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച മൂന്ന് കാരണങ്ങളുണ്ടായിരുന്നു. വ്യാജനോട്ട് തടയല്‍, കള്ളപ്പണം തടയല്‍, തീവ്രവാദത്തിനുള്ള ധനസഹായം ഇല്ലാതാക്കള്‍, നികുതിവെട്ടിപ്പ് തടയല്‍ എന്നീ കാരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഈ ലക്ഷ്യങ്ങളെല്ലാം പ്രധാനമാണ്. അവ പൂര്‍ത്തീകരിക്കപ്പെട്ടോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ജസ്റ്റിസ് ബി.ആര്. ഗവായ് വിധിച്ചു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാപരമാണെന്നും ജസ്റ്റിസ് ബി.ആര്. ഗവായ് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.
റിസര്‍വ്വ് ബാങ്കുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയാണ് കേന്ദ്രം നോട്ട് നിരോധിക്കാനുള്ള തീരുമാനം എടുത്തതെന്നും റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 26(2) വകുപ്പ് പ്രകാരം ഒരു ഡിനോമിനേഷനിലുള്ള മുഴുവന്‍ നോട്ടുകളും നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും ജസ്റ്റിസ് ബി.ആര്. ഗവായ് പറഞ്ഞു. ഗവായുടെ ഈ നിരീക്ഷണങ്ങളോട് ഭരണഘടനാബെഞ്ചിനെ മറ്റ് മൂന്ന് ജഡ്ജികളും യോജിപ്പ് രേഖപ്പെടുത്തിയതോടെ കേന്ദ്ര സര്‍ക്കാരിനെ നോട്ട് നിരോധനത്തിന്റെ പേരില്‍ കുടുക്കാനുള്ള ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയാണ് പൊളിഞ്ഞു വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: