കോഴിക്കോട്: സാമൂതിരിയുടെ ചരിത്രഭൂമിയില്‍ നാളെ കലോത്സവത്തിന് കൊടിയേറ്റ്. ഇന്ന് ഉച്ചയോടെ വിജയിക്കുന്ന ജില്ലയ്‌ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പെത്തും. കഴിഞ്ഞ തവണത്തെ വിജയികളായ പാലക്കാട്, കോഴിക്കോട് ജില്ലാതിര്‍ത്തിയില്‍ ഇന്നുച്ചയ്‌ക്ക് 12.30ന് സ്വര്‍ണക്കപ്പെത്തിക്കും.
നാളെ മുതല്‍ അഞ്ചുനാള്‍ കോഴിക്കോട് കേരളത്തിലെ കൗമാരത്തിന്റെ കലാവേദിയാകും. അറുപത്തി ഒന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ കോഴിക്കോട് നഗരം ഒരുങ്ങിക്കഴിഞ്ഞു. ജനുവരി മൂന്നു മുതല്‍ ഏഴുവരെ അഞ്ചു ദിനങ്ങളില്‍ 24 വേദികളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങള്‍. 14,000 കലാകാരന്മാര്‍ കലോത്സവത്തില്‍ മികവ് പ്രകടിപ്പിക്കുമെന്നാണ് പ്രാഥമിക കണക്ക്. കോടതിയില്‍ നിന്നുള്ള അപ്പീല്‍ വഴി എത്തുന്നവര്‍ കൂടി ഉള്‍പ്പെടുമ്പോള്‍ എണ്ണം പിന്നെയും കൂടും.
ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96, ഹയര്‍ സെക്കന്‍ഡറിയില്‍ 105, സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയില്‍ 19 വീതം ഇനങ്ങളിലാണ് മത്സരങ്ങള്‍.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പേരിലുള്ള വെസ്റ്റ്ഹിലിലെ മൈതാനമാണ് കലോത്സവത്തിന്റെ പ്രധാനവേദി. ആദ്യമായാണ് വിക്രം മൈതാനം കലോത്സവ വേദിയാവുന്നത്. ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ് റെജിമെന്റിന് കീഴിലുള്ള വിക്രം മൈതാനം 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പൊതുപരിപാടിക്ക് നല്‍കുന്നത്. ‘അതിരാണിപ്പാടം’ എന്നാണ് പ്രധാനവേദിക്ക് പേര്. പ്രമുഖ സാഹിത്യകാരന്മാരെ ഓര്‍മ്മിപ്പിക്കുന്നതാണ് വേദികളുടെ പേര്.
പ്രധാനവേദിക്കരികെ കൂറ്റന്‍ ഗിത്താറിന്റെ മാതൃകയില്‍ തയാറാക്കിയിട്ടുള്ള കൊടിമരത്തില്‍ നാളെ രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ഏഴിന് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.
21 സബ്കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് ഭക്ഷണപ്പന്തല്‍. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പാചകം.
കൊവിഡ് ഭീതിയുടെ നാളുകളിലമര്‍ന്ന കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കലോത്സവം നടത്തിയിരുന്നില്ല. കോഴിക്കോട് ജില്ല എട്ടാം തവണയാണ് കലോത്സവത്തിന് വേദിയാവുന്നത്. 2010ല്‍ കലോത്സവത്തിന്റെ അമ്പതാം വാര്‍ഷികം കോഴിക്കോട്ടായിരുന്നു. 2015ലാണ് അവസാനമായി കോഴിക്കോട് വേദിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: