ശബരിമല: ശബരിമലയിലെ താത്ക്കാലിക ജീവനക്കാര്‍ മനുഷ്യരാണെന്ന പരിഗണനപോലും നല്‍കാതെ ദേവസ്വം ബോര്‍ഡ്. കിടക്കാന്‍ വൃത്തിയുള്ള സാഹചര്യം പോലും ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല. തുച്ഛമായ ദിവസ വേതനത്തില്‍ ശബരിമലയിലെ വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന രണ്ടായിരത്തോളം താത്ക്കാലിക തൊഴിലാളികളുടെ ജീവിതമാണ് നരകപൂര്ണ്ണമായിരിക്കുന്നത്. കേവലം 420 രൂപയാണ് എട്ടു മണിക്കൂര്‍ ജോലിക്കായി ഇവര്‍ക്ക് ലഭിക്കുന്നത്.
സ്വന്തം നാടുകളില്‍ 800 മുതല്‍ 1000 രൂപ വരെ കൂലി ലഭിക്കുന്ന ജോലികള്‍ക്ക് താത്ക്കാലിക വിട നല്കി വര്‍ഷങ്ങളായി ശബരിമലയിലെ ജോലികള്‍ക്കായി എത്തുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും. തങ്ങളുടെ സമയം അയ്യപ്പസേവയ്ക്കായി മാറ്റിവച്ചവരാണ് ഇതില്‍ അധികവും. പണമല്ല, കിടക്കാനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡ് തരേണ്ടതെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
പത്തു പേര്‍ക്ക് വരെ കിടക്കാവുന്ന ചെറിയ മുറികളില്‍ പോലും മുപ്പതോളം തൊഴിലാളികളാണ് അടുങ്ങിക്കിടക്കുന്നത്. ഇത്തരം ചുറ്റുപാടിലുള്ള താമസം പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് ഇവരില്‍ ഏറെപേരെയും അലട്ടുന്നുണ്ട്. 400 രൂപയായിരുന്ന പ്രതിദിന ശമ്പളം മൂന്ന് വര്‍ഷം മുമ്പാണ് 420 ആക്കി വര്‍ധിപ്പിച്ചത്. മറ്റെല്ലാ മേഖലകളിലും വര്‍ഷാവര്‍ഷം കൂലി വര്‍ധനവ് ഉണ്ടാകുമ്പോഴും തങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനീതിയാണ് കാട്ടുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: