തിരുവനന്തപുരം : കോര്പ്പറേഷന് നിയമനക്കത്ത് വിവാദത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തു നിന്നും ഡി.ആര്. അനില്‍ രാജിവെച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നിയമന ശുപാര്‍ശയ്ക്കായി കത്തെഴുതിയെന്ന് ഡി.ആര്. അനില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജിവെയ്ക്കുന്നത്.
അനിലിന്റേതിനൊപ്പം മേയര്‍ ആര്യരാജേന്ദ്രന്റെ കത്തും പുറത്തുവന്നിരുന്നു. എന്നാല്‍ കത്ത് വ്യാജമാണെന്ന് പറഞ്ഞ് മേയര്‍ ആരോപണത്തെ പ്രതിരോധിക്കുകയാണ് ഉണ്ടായത്. വിവാദത്തില്‍ നിന്നും തലയൂരുന്നതിനായാണ് ഇപ്പോള്‍ ഡി.ആര്. അനില്‍ രാജിവെച്ചിരിക്കുന്നത്.
അതേസമയം ആര്യ രാജേന്ദ്രന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ കത്ത് വ്യാജമാണെന്നാണ് തുടക്കം മുതല്‍ സിപിഎം സ്വീകരിച്ച നിലപാട്. സംഭവത്തില്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കത്തിന്റെ ശരി പകര്‍പ്പോ ഉറവിടമോ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
നിലവില്‍ കേസില്‍ മേയറുടേയും കോര്പ്പറേഷന് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഡി.ആര്. അനിലിന്റെ മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല, അതുകൊണ്ട് കേസ് അന്വേഷണ പരിധിയില്‍ വരില്ലെന്നാണ് വിജിലന്‍സ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: