തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാല്‍ പോലീസ് കസ്റ്റഡിയില്‍. ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിനെന്ന പേരില്‍ ടൈറ്റാനിയത്തില്‍ എത്തിച്ചിരുന്നത് ശ്യാം ലാലാണ്. ടൈറ്റാനിയം തട്ടിപ്പിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ ശ്യാം ലാലിന് വേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു.
ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാല്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്.
ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പിന്റെ പ്രധാന ഇടനിലക്കാരായ ദിവ്യ നായര്‍ അഭിലാഷ് എന്നിവരാണ് നേരത്തെ പിടിയിലായ പ്രതികള്‍. ഇവര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.
കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന് തമ്പിയും ഒളിവിലാണ്. ദിവ്യയും അഭിലാഷും മുഖേന വലയിലാവുന്ന ഉദ്യോഗാര്‍ത്ഥികളെ ശ്യാംലാല്‍ ശശികുമാരന് തമ്പിയുടെ അടുത്താണ് എത്തിച്ചു നല്‍കിയിരുന്നത്. ശശികുമാറാണ് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തിരുന്നത്. ഇയാള്‍ക്കായി പോലീസെ തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: