തിരുവനന്തപുരം : ഭരണഘടനയെ അവഹേളിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടിവന്ന സജി ചെറിയാന്‍ എംഎല്‍എ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് സജി ചെറിയാനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് ധാരണ. ഇതിനായി ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തിയിരുന്നു. അതിനുശേഷം ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിക്കുകയായികുന്നു. മുമ്പ് കൈകാര്യം ചെയ്ത വകുപ്പ് സജി ചെറിയാന്‍ രാജിവെച്ചതിന് ശേഷം ആര്‍ക്കും നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്തിരുന്നത്. അതിനാല്‍ പഴയ വകുപ്പുകള്‍ തന്നെ വീണ്ടും മന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന് ലഭിച്ചേക്കാം. സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചു വരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സ്ഥിരീകരിച്ചിട്ടുണ്ട്.
മല്ലപ്പള്ളിയിലെ പ്രസംഗത്തിന്റെ പേരിലാണ് സംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈയില്‍ രാജിവെയ്‌ക്കേണ്ടി വന്നത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്റെ പരാമര്‍ശം. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നും അന്ന് സജി ചെറിയാന്‍ പ്രസംഗിച്ചു. തിരുവല്ല, റാന്നി എംഎല്‍എമാരടങ്ങിയ വേദിയില്‍ വച്ചായിരുന്നു പരാമര്‍ശം. പിന്നാലെ പരാമര്‍ശം വലിയ വിവാദമാകുകയും സജി ചെറിയാന്റെ മന്ത്രിസ്ഥാനവും നഷ്ടമായി.
എന്നാല്‍ അഞ്ച് മാസത്തിന് ശേഷം പുറത്തിറക്കിയ പോലീസ് റഫര്‍ റിപ്പോര്‍ട്ടില്‍ സജി ചെറിയാന്‍ വിമര്‍ശനാത്മകമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രതിപാദിച്ചത്. പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജിചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ല. സജി ചെറിയാനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് സജി ചെറിയാനെ ഇപ്പോള്‍ മന്ത്രിസഭയിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നത്. അതേസമയം കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല കേസില്‍ പരാതിക്കാരന് നോട്ടീസ് അയച്ചിരിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: