തിരുവനന്തപുരം : കണ്ണൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന് താത്കാലികാശ്വാസം. പി. ജയരാജന് ഉന്നയിച്ച ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇ.പി. ജയരാജന് സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി. ഗോവിന്ദന് ചുമതലയേറ്റതിനു പിന്നാലെ ഇപി പാര്‍ട്ടി നേതൃത്വമായി ഇടംതിരിവിലായിരുന്നു. അതിനിടയിലാണ് പി. ജയരാജന് ഇപിക്കെതിരി പാര്‍ട്ടിക്കുള്ളില്‍ പരാതി നല്‍കുന്നത്.
ഇന്ന് ചേര്‍ന്ന നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്റെ ഭാഗം ഇ.പി. ജയരാജന് വിശദീകരിച്ചെന്നാണ് സൂചന. റിസോര്‍ട്ടില്‍ ഇപിക്ക് നിക്ഷേപമൊന്നുമില്ല. മകന് പത്ത് ലക്ഷം രൂപയും ഭാര്യജോലിയില് നിന്നും വിരമിച്ചതിന്റെ ബാക്കി തുകയും റിസോര്‍ട്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതല്ലാതെ തനിക്ക് ഇതില്‍ ബന്ധമില്ല. നാട്ടില്‍ പുതിയതായി വരുന്ന ആശുപത്രിക്ക് വേണ്ടി സഹായങ്ങള്‍ നല്‍കിയെന്നതല്ലാതെ ഇതുമായി ബന്ധമില്ലെന്നുമാണ് റിസോര്‍ട്ട് സിഇഒ നേരത്തെ പ്രതികരിച്ചത്. ഇക്കാര്യം തന്നെ ഇപിയും യോഗത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ടാകാം.
അതേസമയം പി. ജയരാജന്റെ ആരോപണം പാര്‍ട്ടി രേഖാമൂലം നല്കാന് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കിയിരുന്നോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകരം എല്ലാവര്ക്കും പുതുവത്സരാശംസകള്‍ അദ്ദേഹം നേരുക മാത്രമാണ് ഉണ്ടായത്.
അടുത്തിടെ ദല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ റിസോര്‍ട്ട് വിവാദം ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സംസ്ഥാന നേതൃത്വം വിഷയം കൈകാര്യം ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ സംസ്ഥാന സമിതിയോട് വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: