കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിനീതവിധേയനുമായ എ.കെ. ആന്റണി ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള പഴയ അടവുനയവുമായി വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും പള്ളിയില്‍ പോകാം. പക്ഷേ ഹൈന്ദവ സുഹൃത്തുക്കള്‍ അമ്പലത്തില്‍ പോയാല്‍ അത് മൃദുഹിന്ദുത്വമാകും. അമ്പലത്തില്‍ പോകുന്നവരെയും കുറിതൊടുന്നവരെയുമൊക്കെ മൃദുഹിന്ദുത്വത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ഉചിതമല്ല. തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സിന്റെ സ്ഥാപനദിനാഘോഷത്തിലാണ് ആന്റണി ഇങ്ങനെയൊക്കെ പ്രസംഗിച്ചത്. കോണ്‍ഗ്രസ്സിന് ഇനി രാജ്യം ഭരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദല്‍ഹിയില്‍നിന്ന് കേരളത്തില്‍ തിരിച്ചെത്തുകയും, താന്‍ ഇനിമുതല്‍ സജീവ രാഷ്ട്രീയത്തിലില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആന്റണി എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു രാഷ്ട്രീയ പ്രസ്താവന നടത്തുന്നതെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമില്ല. ആന്റണിതന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. മൃദു ഹിന്ദുത്വം എന്ന ആരോപണം തുടര്‍ന്നാല്‍ നരേന്ദ്ര മോദി അധികാരത്തില്‍ തുടരുമത്രേ. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുനിര്‍ത്താന്‍ കഴിഞ്ഞാലേ കോണ്‍ഗ്രസ്സിന് അധികാരം കിട്ടുകയുള്ളൂ. കോണ്‍ഗ്രസ്സില്‍നിന്ന് ഹിന്ദുക്കള്‍ അകന്നുപോയിരിക്കുന്നു. മൃദുഹിന്ദുത്വം ആക്ഷേപകരമായി കണ്ടാല്‍ അവരെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ല. ഇതാണ് ആന്റണി പറയുന്നതിന്റെ ചുരുക്കം. ആന്റണിയുടെ ഉദ്ദേശ്യം പിടികിട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ സ്വാഗതം ചെയ്യുമ്പോള്‍, ന്യൂനപക്ഷ വോട്ടുബാങ്കിന്റെ ആനുകൂല്യം തുടര്‍ന്നും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ ആന്റണിയോട് യോജിക്കുന്നില്ല. ഇങ്ങനെയൊരു ബാലന്‍സിങ് ആക്ട് ആവട്ടെയെന്നതാണ് കോണ്‍ഗ്രസ്സിന്റെ പൊതു നിലപാട്.
ആന്റണി ഹിന്ദുകാര്‍ഡ് പുറത്തിറക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടോളമായി. കൃത്യമായി പറഞ്ഞാല്‍ 1993 ല്‍ നടത്തിയ മത്തായി മാഞ്ഞൂരാന് സ്മാരക പ്രഭാഷണത്തില്‍ വളരെ വിദഗ്ധമായി ഈ തന്ത്രം ഒളിപ്പിച്ചുവച്ചിരിക്കുന്നതു കാണാം. ബാബറി മസ്ജിദ് സംഭവത്തിന്റെ പശ്ചാത്തലത്തിലും ഹിന്ദുക്കളെ കുറ്റപ്പെടുത്തരുതെന്നാണ് ആന്റണി അന്ന് പറഞ്ഞത്. ന്യൂനപക്ഷങ്ങളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സംരക്ഷിക്കപ്പെടണം. അതേ അവസരത്തില്‍ ന്യൂനപക്ഷക്കാരുടെ പേരില്‍ ചിലരൊക്കെ പറഞ്ഞുനടക്കുന്നതെന്തും കണ്ണുമടച്ച് വിശ്വസിച്ചാലേ ന്യൂനപക്ഷങ്ങള്‍ മിത്രങ്ങളാകൂയെന്ന ധാരണ മാറ്റണം എന്നാണ് ആന്റണി ഉപദേശിച്ചത്. ന്യൂനപക്ഷങ്ങളുടെ പേരില്‍ ഇന്ത്യയുടെ ദേശീയ വികാരങ്ങള്‍ക്കും മതസൗഹാര്‍ദ്ദത്തിനും തടസ്സമായ പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും ഉയര്‍ന്നുവന്നാല്‍ അതിനെയും നിശിതമായി എതിര്‍ക്കേണ്ടിയിരിക്കുന്നു എന്നും മത്തായി മാഞ്ഞൂരാന് പ്രഭാഷണത്തില്‍ ആന്റണി ആദര്ശവാന് ചമയുന്നുണ്ട്. മറ്റൊരിക്കല്‍ യോഗക്ഷേമ സഭയുടെ സമ്മേളനത്തില്‍ പോയി ആന്റണി ഹിന്ദുക്കള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുകയുണ്ടായി. അന്ന് സമ്മേളനസ്ഥലത്ത് ഒരു കാറു മാത്രം കണ്ടതായിരുന്നു ആന്റണിയുടെ വേദന. സാമ്പത്തികമായി ഹിന്ദുക്കള്‍ ഒറ്റപ്പെടുന്നതും, ന്യൂനപക്ഷങ്ങള്‍ ശക്തി പ്രാപിക്കുന്നതും പറഞ്ഞ് കയ്യടി നേടുകയും ചെയ്തു. മാറാട് കൂട്ടക്കൊലയെത്തുടര്ന്നും ആന്റണി ഹിന്ദുക്കളുടെ രക്ഷകനായി രംഗപ്രവേശം ചെയ്തു. സ്വാഭാവികമായും ആന്റണി പറയുന്നത് സ്വന്തം പാര്‍ട്ടി അനുസരിക്കാന്‍ ബാധ്യസ്ഥമാണല്ലോ. എന്നിട്ട് ഇക്കാലത്തിനിടയില്‍ കോണ്‍ഗ്രസ് ഇതൊക്കെയാണോ ചെയ്തത് എന്നൊരു ചോദ്യത്തിന് എന്തായിരിക്കും മറുപടി? ഇല്ലെന്നു പറയാന്‍ ഒരു നിമിഷംപോലും ആലോചിക്കേണ്ടതില്ല. അപ്പോഴൊക്കെ ആന്റണി പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്നു.
മത്തായി മാഞ്ഞൂരാന് പ്രഭാഷണത്തില്‍ ഹിന്ദുതാല്പര്യം സംരക്ഷിക്കപ്പെടണമെന്ന് ആന്റണി പറയാന്‍ കാരണമുണ്ട്. അന്നത്തെ രാഷ്ട്രീയ പശ്ചാത്തലം അതായിരുന്നു. ഹിന്ദുമുന്നണി രൂപംകൊള്ളുകയും വര്‍ഗീയപ്രീണനത്തിനെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്ത 1987 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഹിന്ദുകാര്‍ഡിറക്കി ഇടതുമുന്നണി നേട്ടം കൊയ്തിരുന്നു. അയോധ്യാ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍, ഇടതു-വലതു രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളോട് ചെയ്തുകൊണ്ടിരുന്ന അനീതികള്‍ക്കെതിരെ ഹിന്ദുസമൂഹം ബോധവല്ക്കരിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആന്റണിയുടെ കുശാഗ്രബുദ്ധി പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഹിന്ദുസമൂഹത്തോടു പുലര്‍ത്തുന്നതായി ആന്റണി എടുത്തുകാട്ടുന്ന വിവേചനം ഒരു തുടര്‍ക്കഥയാണ്. ഇതിന് അറുതിവരുത്താന്‍ ആന്റണി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയായിരുന്നപ്പോഴും കേന്ദ്രമന്ത്രിയായിരുന്നപ്പോഴും ഹിന്ദുസമൂഹം ക്രൂരമായി വഞ്ചിക്കപ്പെടുന്നത് നോക്കിനിന്നു. മാറാട് കൂട്ടക്കൊലക്കേസ് സിബിഐക്ക് വിടാന്‍ തയ്യാറായില്ല. സോണിയ സൂപ്പര്‍ പ്രധാനമന്ത്രിയായി വാണ യുപിഎ സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി സ്വീകരിച്ച ഹിന്ദുവിരുദ്ധ നടപടികള്‍ക്കെതിരെ ആന്റണി ചെറുവിരലനക്കിയില്ല. എന്തിനേറെ പറയുന്നു, കേരളത്തിലെ തെരഞ്ഞെടുപ്പുകാലങ്ങളില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെത്തി വര്‍ഗീയ ചേരിതിരിവോടെ വോട്ടുപിടിക്കുന്നയാളാണ് ആന്റണി. കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് കേരളത്തിലും ഇനി രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞ് ഹിന്ദുക്കളുടെ കൂടുതല്‍ പിന്തുണ നേടുന്നതിനുള്ള തന്ത്രമാണിപ്പോള്‍ ആന്റണി പ്രയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: