പത്തനംതിട്ട: ആരുമറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ ഒരു പകലും രാത്രിയും അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ പുലിക്കുന്ന് കറുകംപള്ളി രാജേഷിന് ഒടുവില്‍ എരുമേലി പൊലീസിന്റെ ആദരം. മൗനമായി തമിഴ്നാട്ടിലെ അയ്യപ്പന്മാര് ചൊരിഞ്ഞ നന്ദിയ്ക്ക് വിലമതിക്കാനുമാവില്ല.
അത്രയേറെയാണ് രാജേഷ് അവരെ സഹായിച്ചത്. ഡിസംബര്‍ 16നാണ് ആ അപകടം നടന്നത്.തമിഴ്നാട് സ്വദേശികളുടെ വാഹനം എരുമേലിയില്‍ ഒരു വളവു തിരിയുന്നതിനിടെ തെന്നി താഴേയ്ക്ക് മറിഞ്ഞു.
21 തീര്‍ത്ഥാടകരുമായി ചെന്നൈയിലെ താമ്പ്രത്തില്‍ നിന്നും വരികയായിരുന്ന വാന്‍. 18 പേര്‍ക്ക് പരിക്കേറ്റു, ഒരു പത്ത് വയസ്സുകാരി പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
മേസ്തിരിപ്പണിക്കാരനായ രാജേഷ് ഉച്ചവരെ ജോലി ചെയ്ത് സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എരുമേലിയിലെ അപകടം കാണുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ നന്നേ കുറവായിരുന്നു. പരിക്കേറ്റ അയ്യപ്പന്മാരെ ആദ്യം ഏരുമേലി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും കൊണ്ടുപോകാന്‍ രാജേഷ് മുന്നിട്ട് നിന്നു. പരിക്കേറ്റ തമിഴ്നാട്ടിലെ സ്വാമിമാര്‍ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ ആരുമില്ലാതിരുന്നപ്പോഴാണ് രാജേഷ് എല്ലാം മറന്ന് ഇറങ്ങിയത്.
ചികിത്സയില്‍ ഇരിക്കുമ്പോള്‍ രാമു എന്ന ആളുടെ മകളായ കുട്ടിസ്വാമിയായ പത്ത് വയസുകാരി സംഘമിത്ര മരിച്ചു. അതോടെ തകര്‍ന്നുപോയ രാമുവിനെ സാന്ത്വനിപ്പിക്കാനും രാജേഷ് തണലായി നിന്നു.
അതിനിടയിലാണ് സ്വാമിമാര്‍ അപകടസ്ഥലത്ത് നഷ്ടപ്പെട്ട ബാഗുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് രാജേഷിനെ അറിയിച്ചത്. വീണ്ടും അപകടസ്ഥലത്തെത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ട മിനിവാന്‍ കൊണ്ടുപോകാന്‍ തമിഴ്നാട്ടില്‍ നിന്നും വന്നവര്‍ റബ്ബര്‍ തോട്ടത്തിനിടയില്‍ സ്വാമിമാരുടെ ഇരുമുടിക്കെട്ടുകള്‍ ഉപേക്ഷിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. . ഉടനെ അയ്യപ്പന്മാരുടെ 18 ഓളം ഇരുമുടിക്കെട്ടുകള്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും ശേഖരിച്ച് മുണ്ടക്കയത്തുള്ള ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ഓഫീസില്‍ എത്തിച്ചു. പിന്നീട് അത് ശബരിമലയില്‍ എത്തിച്ച് നെയ്യഭിഷേകവും നടത്തി. 18 ഇരുമുടിക്കെട്ടിലുണ്ടായിരുന്ന നെയ് തേങ്ങ ഉള്‍പ്പെടെയുള്ള വഴിപാട് സാധനങ്ങളും ശബരിമലയില്‍ എത്തിച്ചിരുന്നു. ഇനി പ്രസാദവും അരവണയും അപകടത്തില്‍പ്പെട്ട അയ്യപ്പന്മാര്ക്ക് എത്തിച്ച് നല്‍കാനിരിക്കുകയാണ് രാജേഷ്. അപകടത്തില്‍ മരിച്ച സംഘമിത്രയുടെയും അച്ഛന് രാമുവിന്റെയും ഇരുമുടികള്‍ അഴുതയാറ്റില്‍ ഒഴുക്കി.
സംഘമിത്രയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതുവരെ രാജേഷ് ഉണ്ടായിരുന്നു. വാസ്തവത്തില്‍ വീട്ടിലേക്ക് മടങ്ങാനുള്ള വണ്ടിക്കൂലി പോലുമില്ലാതിരുന്ന രാജേഷിനെ തമിഴ്നാട്ടിലെ സ്വാമിമാര്‍ തന്നെയാണ് വണ്ടിക്കൂലി നല്കി മടക്കിയയച്ചത്.
അപകടത്തിന് കാരണമായ എരുമേലിയിലെ റോഡിലെ വളവില്‍ സംരക്ഷണ ഭിത്തിയ കെട്ടിയാല്‍ ഭാവി അപകടങ്ങള്‍ ഒഴിവാക്കാമെന്ന നിര്‍ദേശം വന്നപ്പോള്‍ സംരക്ഷണ ഭിത്തി കെട്ടാനും കെട്ടിടം പണിക്കാരനായ രാജേഷ് മുന്നില്‍ നിന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന് രാജേഷിനെ പൊന്നാട അണിയിച്ചു. തമിഴ്നാട് സ്വദേശികളായ സ്വാമിമാരുടെ ഹൃദയത്തിലാണ് രാജേഷിന്റെ സ്ഥാനം. ഇപ്പോഴും അവര്‍ രാജേഷുമായി ബന്ധപ്പെടുന്നു. രാജേഷ് അയച്ച പ്രസാദം സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഓര്‍മ്മയായി അവരില്‍ എന്നും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: