പട്ടാമ്പി: മാസങ്ങളായി കരിങ്കല്‍ ഖനനം നടത്തിവരുന്ന ക്വാറിയില്‍ റവന്യൂ വകുപ്പിന്റെ മിന്നല്‍ പരിശോധന. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് പരിശോധനക്കെത്തിയത്. ഇന്നലെ പുലര്‍ച്ചെ നടന്ന റെയ്ഡില്‍ ടിപ്പറും ലോറികളുമടക്കമുള്ള 72 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
ഖനനത്തിനെതിരെ ഓങ്ങല്ലൂര്‍ രണ്ട് വില്ലേജ് ഓഫീസര്‍ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കൂടാതെ ജിയോളജി വകുപ്പ് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് രാഷ്ട്രീയ പിന്‍ബലത്തോടെ മാസങ്ങളായി ഇവിടെ ഖനനം നടത്തിവരുന്നത്.
രാപകല്‍ ഭേദമന്യേ നൂറുകണക്കിന് വാഹനങ്ങളിലാണ് ഇവിടെനിന്നും കരിങ്കല്ല് കടത്തിക്കൊണ്ടുപോകുന്നത്. ഇതുമൂലം പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. പ്രദേശത്ത് പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പലതവണ നിവേദനം നല്‍കിയിരുന്നു. നിരന്തരമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ റവന്യൂ വകുപ്പിന്റെ പരിശോധന നടന്നതും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തും.
കളക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരം പട്ടാമ്പി തഹസില്‍ദാര്‍ ടി.പി. കിഷോര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.സി. കൃഷ്ണകുമാര്‍, പി.ആര്. മോഹനന്, വില്ലേജ് ഓഫീസര്‍ യു. റഹ്മത്ത്, ഒ. പ്രകാശന്, എസ്. സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഇതിനിടെ മുതുതല വില്ലേജിലെ തീരദേശം റോഡരികില്‍ അനധികൃതമായി നെല്‍വയല്‍ മണ്ണിട്ടു നികത്തിയിരുന്ന ഒരു ടിപ്പര്‍ ലോറിയും ഇന്നലെ പുലര്‍ച്ചെ റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: