ലക്നൗ: തദ്ദേശ സ്ഥാപനങ്ങളില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) സംവരണം ഉറപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിനു മുന്‍പ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള സര്‍വേ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വേയ്ക്കു മുന്‍പ് തിരഞ്ഞെടുപ്പ് നടത്തില്ലെന്നും തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും പെട്ടെന്നു പുറത്തിറക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒബിസി സംവരണം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താന്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒബിസി സംവരണം നല്കുന്നതു സംബന്ധിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഡിസംബര്‍ 5ന് പുറപ്പെടുവിച്ച കരടു വിജ്ഞാപനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. തിരഞ്ഞെടുപ്പു കമ്മിഷനോട് എത്രയും പെട്ടെന്നു വിജ്ഞാപനം പുറപ്പെടുവിക്കാനും ആവശ്യപ്പെട്ടിരുന്നു..ജസ്റ്റിസ് ഡികെ ഉപാധ്യായ, ജസ്റ്റിസ് സൗരവ് ലവാനിയ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇപ്രകാരം ഉത്തരവിട്ടത്. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് ഓബിസി സര്‍വേ നടത്തുമെന്നും പിന്നോക്ക വിഭാഗ സംവരണം നടപ്പിലാക്കാതെ തിരഞ്ഞെടുപ്പ് നടത്തില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി
ത്രിതല നഗര തദ്ദേശ തെരഞ്ഞെടുപ്പിനായി 17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും 200 മുനിസിപ്പല്‍ കൗണ്‍സിലുകളിലെയും 545 നഗര്‍ പഞ്ചായത്തുകളിലെയും മേയര്‍മാരുടെ സംവരണ സീറ്റുകളുടെ താല്‍ക്കാലിക പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. കരട് പ്രകാരം, അലിഗഡ്, മഥുരവൃന്ദാവന്‍, മീററ്റ്, പ്രയാഗ്രാജ് എന്നീ നാല് മേയര്‍ സീറ്റുകള്‍ ഒ ബി സി സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതില്‍ അലിഗഡിലെയും മഥുരവൃന്ദാവനിലെയും മേയര്‍ സ്ഥാനങ്ങള്‍ ഒ ബി സി വനിതകള്‍ക്കായാണ് സംവരണം ചെയ്തിട്ടുള്ളത്. 200 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 54 ചെയര്‍പേഴ്സണ്‍ സീറ്റുകള്‍ 18 ഒബിസി സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ സംവരണം ചെയ്തിട്ടുണ്ട്. 1545 നഗരപഞ്ചായത്തുകളിലെ ചെയര്‍പേഴ്സണ്‍ സീറ്റുകളില്‍ 49 ഒബിസി വനിതകള്‍ ഉള്‍പ്പെടെ 147 സീറ്റുകള്‍ ഒ ബി സി സ്ഥാനാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: