മികച്ച നടനും സൂപ്പര്‍ സ്റ്റാറുമായിരുന്ന മമ്മൂട്ടിയ്ക്ക് പക്ഷെ ഒടുവില്‍ കാലൊന്ന് പതറിയിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍. അല്ലെങ്കില്‍ വമ്പന്‍ വിജയങ്ങളില്ലായ്മ. പക്ഷെ ഈ 71ാം വയസ്സിലും മമ്മൂട്ടിയുടെ കരിയര്‍ ഗ്രാഫ് ഉയരുകയാണ്. കൃത്യമായ കഥകളും കഥാപാത്രങ്ങളുമുള്ള സിനിമ തെരഞ്ഞെടുക്കാനുള്ള കമ്മൂട്ടിയുടെ തീരുമാനമാണ് ഈ വിജയത്തിന് പിന്നില്‍. പുഴു,ഉണ്ട, ഭീഷ്മപര്‍വ്വം, റോഷാക്ക്…ഒരു പിടി ചിത്രങ്ങളിലൂടെ മമ്മൂട്ടി വീണ്ടും നടനെന്ന നിലയില്‍ മലയാള സിനിമയില്‍ തിളങ്ങുകയാണ്. തന്റെ താരമൂല്യം പുതുമുഖസംവിധായകര്‍ക്കും പരീക്ഷണസിനിമകള്ക്കും വിട്ടുകൊടുക്കുകയാണ് മമ്മൂട്ടി. അതിനിടെ വീണ്ടും അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി മമ്മട്ടി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയില്‍ നായകനായി എത്തിയിരിക്കുന്നു.
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായമാണ് നേടിയത്. മമ്മൂട്ടിയുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ് ഈ സിനിമയുടെ കാതല്‍.
ഇപ്പോള്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമ കണ്ട എഴുത്തുകാരന് കല്പറ്റ നാരായണന്പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയുടെ അത്ഭുതകരമായ പരകായപ്രവേശം ഈ സിനിമയില്‍ കാണാമെന്നാണ്.പത്മരാജനില്‍ മാത്രം കണ്ടുവരുന്ന സാഹസികമായ ഇതിവൃത്തം നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയെയും വേറിട്ടുനിര്‍ത്തുന്നു എന്നും കല്പറ്റ നാരായണന്.(കല്പറ്റ നാരായണന് തിരുവനന്തപുരത്തെ ഫെസ്റ്റിവലില്‍ ഈ സിനിമ കണ്ടിരുന്നു.)
വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിന് പോയി മടങ്ങി വരുന്ന ഒരു നാടകസംഘത്തിലെ നേതാവായ ജെയിംസിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പക്ഷെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ എത്തുമ്പോള്‍ ഇതേ ജെയിംസ് മരിച്ചുപോയ സുന്ദരം എന്ന ഒരു തമിഴനായി അറിയാതെ മാറുകയാണ്. മരിച്ച സുന്ദരത്തിന്റെ ആത്മാവ് ജെയിംസില്‍ കേറിയതുപോലെ. രണ്ട് വര്‍ഷം മുന്‍പ് ആ ഗ്രാമത്തില്‍ നിന്നും കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസ് പെരുമാറുന്നത്. ഇങ്ങിനെ രണ്ട് മുഖങ്ങള്‍ അവതരിപ്പിക്കുകയാണ് മമ്മൂട്ടി.എസ്. ഹരീഷാണ് തിരക്കഥ. തേനി ഈശ്വര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: