വാഷിങ്ടണ്‍: യുഎസില്‍ ശൈത്യം അതിരൂക്ഷമായി. ശീതക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കില്‍ ഹിമപാതത്തില്‍ 27 പേര്‍ മരിച്ചു. കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് ഗതാഗത സംവിധാനങ്ങളും താറുമാറായി.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 50 ഡിഗ്രി സെല്‍ഷ്യല്‍ വരെ താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊളറാഡോ, ഇല്ലിനോയിസ്, കന്‍സാസ്, കെന്റക്കി, മിഷിഗണ്‍, മിസോറി, നെബ്രാസ്‌ക, ന്യൂയോര്‍ക്ക്, ഒഹിയോ, ഒക്ലഹോമ, ടെന്നസി, വിസ്‌കോണ്‍സിന്‍ എന്നീ 12 സംസ്ഥാനങ്ങളിലാണ് ശീതക്കാറ്റ് വളരെയധികം നശനഷ്ടങ്ങളുണ്ടാക്കിയത്.
ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. നിരവധി വിമാനസര്‍വീസുകളും റദ്ദാക്കി. ബഫല്ലോ നയാഗ്ര അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിട്ടു. 15,000 ലധികം സര്‍വീസുകളാണ് റദ്ദാക്കിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ ഏകദേശം 3,410 ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങള്‍ റദ്ദാക്കി.
ന്യൂയോര്‍ക്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്. ബഫല്ലോയിലാണ് കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തത്. കാറുകളുടെയും വീടുകളുടെയും മുകളില്‍ ആറടിയോളം ഉയരത്തിലാണ് മഞ്ഞ്. നിരവധിപേരാണ് വീടുകളില്‍ കുടുങ്ങിയിരിക്കുന്നത്. രണ്ടര ലക്ഷം വീടുകള്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ശീതക്കൊടുങ്കാറ്റിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു. പലയിടങ്ങളിലും അടിയന്തര സര്‍വീസുകള്‍പോലും എത്തിക്കാന്‍ കഴിയുന്നില്ല.
നൂറ്റാണ്ടിലെ ഏറ്റവുവലിയ ഹിമപാതമാണ് ഇപ്പോള്‍ ഉളളതെന്നും ജാഗ്രതപാലിക്കണമെന്നും ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ പറഞ്ഞു. കാനഡയിലും അതിശൈത്യവും ശീത കൊടുങ്കാറ്റും രൂക്ഷമാണ്. ആസ്ട്രേലിയയിലും ജപ്പാനിലും മഞ്ഞുവീഴ്ചവര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ ജപ്പാനില്‍ ഹിമപാതത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: