പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന ഒരുവര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ വളരെയധികം സന്തോഷത്തോടെയാവും സ്വീകരിക്കുക. അടുത്തവര്‍ഷം ഡിസംബര്‍ വരെയാണ് ഈ സൗജന്യറേഷന് പദ്ധതി നീട്ടിയിരിക്കുന്നത്. എണ്‍പത്തിയൊന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷനായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമെ പ്രതിമാസം അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് എന്നിവയാണ് ഗരീബ് കല്യാണ്‍ അന്നയോജനയിലൂടെ ലഭിക്കുക. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ 2020ല്‍ ഏര്‍പ്പെടുത്തിയ ഈ പദ്ധതി 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നേരത്തെ നീട്ടിയിരുന്നു. ഉത്സവകാലത്ത് പാവപ്പെട്ടവര്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് ദീപാവലി സമ്മാനമായി സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷത്തേക്കു കൂടി ഭക്ഷ്യധാന്യ വിതരണം നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷത്തിലേറെയായി നല്കി വരുന്ന, പ്രതിവര്‍ഷം രണ്ട് ലക്ഷം കോടി രൂപ ചെലവു വരുന്ന ഈ ഭക്ഷ്യധാന്യ വിതരണ പദ്ധതി ഡിസംബറോടെ അവസാനിപ്പിച്ച് ഭക്ഷ്യധാന്യങ്ങള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുകയാണ് വേണ്ടതെന്ന നിതി ആയോഗ് നിര്‍ദേശം തള്ളിയാണ് ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.
അവസാന വരിയിലെ അവസാനത്തെയാളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ജനക്ഷേമ പദ്ധതികളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. ജന്‍ധന്‍ യോജന, സ്കില്‍ മിഷന് യോജന, സ്വച്ഛഭാരത് അഭിയാന്, ഉജ്വല്‍ യോജന, ബേട്ടി ബെചാവോ, ബേട്ടി പഠാവോ എന്നിങ്ങനെ മുപ്പതോളം വന്‍ ജനക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഗ്രാമ-നഗരങ്ങളെന്ന വ്യത്യാസമില്ലാതെ വലിയ മാറ്റങ്ങളാണ് ഈ പദ്ധതികളുടെ വിജയങ്ങള്‍ കൊണ്ടുവന്നത്. ഇത്രയേറെ ജനക്ഷേമപദ്ധതികള്‍ കൊണ്ടുവരികയും, ജനങ്ങളെ അവയുടെ ഗുണഭോക്താക്കളാക്കുകയും ചെയ്ത മറ്റൊരു സര്‍ക്കാര്‍ ഇതിനു മുന്‍പ് രാജ്യത്ത് അധികാരത്തില്‍ വന്നിട്ടില്ല. ലോകത്തെ മറ്റൊരു രാഷ്ട്രവും ഇത്ര ബൃഹത്തായ പദ്ധതികള്‍ പ്രഖ്യാപിച്ച് വിജയത്തിലെത്തിച്ചതായി പറയാനാവില്ല. ഒരു ലോക റെക്കോര്‍ഡ് തന്നെയാണ് മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്ഥാപിച്ചിരിക്കുന്നതെന്നു പറയാം. ഇത്തരം പദ്ധതികള്‍ വിദഗ്ദ്ധമായി ആസൂത്രണം ചെയ്യുകയും ലക്ഷ്യപ്രാപ്തി കൈവരിക്കുകയും ചെയ്യുന്നതിനെ ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ഏതാണ്ട് ആറുപതിറ്റാണ്ടുകാലത്തോളം പറയത്തക്ക പ്രയോജനമൊന്നുമില്ലാതെ നികുതിപ്പണം മുടിക്കുന്ന വെള്ളാനയായി നിന്ന ആസൂത്രണ കമ്മീഷണനെ പിരിച്ചുവിട്ട മോദി സര്‍ക്കാരിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ യഥാര്‍ത്ഥ ക്ഷേമത്തിന് തടസ്സമാണ് ആസൂത്രണ ബോര്‍ഡെന്ന് തിരിച്ചറിഞ്ഞായിരുന്നു അത് പിരിച്ചുവിട്ട് പകരം നിതി ആയോഗ് സ്ഥാപിച്ചത്. ആ തീരുമാനം ശരിയാണെന്ന് സ്ഥാപിക്കുന്നതു കൂടിയാണ് മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ വിജയം.
ജനക്ഷേമ പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കാനിടയാക്കിയതെന്ന് പല പഠനങ്ങളും കണ്ടെത്തുകയുണ്ടായി. ഇക്കാരണം കൊണ്ടുതന്നെ ഇത്തരം പദ്ധതികളെക്കുറിച്ച് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യപരിപാടിയാണ്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ വെറും സൗജന്യങ്ങളായി ചിത്രീകരിക്കുകയാണ് ഈ പാര്‍ട്ടികള്‍ ചെയ്യുന്നത്. ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെടുന്നതും, അധികാരം മരീചികയായി അകന്നുപോകുന്നതുമാണ് ഇതിനു കാരണം. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിച്ച് വോട്ടു വാങ്ങാനായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇത്തരം സൗജന്യങ്ങള്‍ നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഭക്ഷ്യധാന്യ വിതരണത്തിന്റെ കാര്യത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് വന്‍തോതില്‍ കടപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും നല്കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പേരില്‍ നല്കി ജനങ്ങളുടെ അനുഭാവം നേടുകയാണല്ലോ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുകയും ചെയ്തു. ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ സഹായം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കും. ഇതു സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കേണ്ട ബാധ്യത കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിക്കുണ്ട്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ മോദിസര്‍ക്കാരിന് സംസ്ഥാനത്ത് അര്‍ഹമായ അംഗീകാരം കിട്ടാതെ പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: