ന്യൂദല്‍ഹി: സക്കീര്‍ നായിക്ക് എന്ന് ഇന്ത്യാവിരുദ്ധ ഇസ്ലാമിക പ്രഭാഷകന്‍ ഈയിടെ ഖത്തര്‍ ലോകകപ് കാലത്ത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു ഖത്തറില്‍ ലോകകപ്പ് ഫുട്ബാള്‍ നടക്കുന്നതിനിടയില്‍ അവിടുത്തെ രാജകുടുംബവുമായി ബന്ധമുള്ള ഒരു ടിവിയില്‍ മതപ്രഭാഷണം നടത്താന്‍ സക്കീര്‍ നായിക്കിനെ ക്ഷണിച്ചതായുളള വാര്‍ത്തയായിരുന്നു വിവാദമായത്. ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത്തരത്തില്‍ ഔദ്യോഗികമായി സര്‍ക്കാര്‍ സക്കീര്‍ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍ ഭരണകൂടം പിന്നീട് പ്രസ്താവന നടത്തിയതോടെ ഈ വിവാദം തെല്ലൊന്ന് കെട്ടടങ്ങി.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍, ഇന്ത്യാവിരുദ്ധ പ്രഭാഷണം നടത്തല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ സക്കീര്‍ നായിക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാണ്. എന്നാല്‍ ഇദ്ദേഹം ഇന്ത്യ വിട്ട് മലേഷ്യയില്‍ അഭയം തേടിയിരിക്കുകയാണ് ഇപ്പോള്‍. സക്കീര്‍ നായിക്കിനെ വിചാരണയ്ക്കായി വിട്ടുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പല കുറി മലേഷ്യന്‍ സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അവര്‍ അതിന് തയ്യാറല്ല.
ഇപ്പോള്‍ വീണ്ടും സക്കീര്‍ നായിക്ക് വിവാദപുരുഷനായി മാറിയിരിക്കുകയാണ്. ക്രിസ്മസ് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന അദ്ദേഹത്തിന്റെ താക്കീത് ക്രിസ്മസ് നാളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ലിവര്‍പൂള്‍ പുട്ബാള്‍ താരം മൊഹമ്മദ് സാല തന്റെ കുടുംബത്തോടൊപ്പം ഒരു ക്രിസ്മസ് ട്രീയുടെ മുന്പില് ഇരുന്നാണ് ക്രിസ്മസ് ആശംസ നേര്‍ന്നത്. ഈജിപ്ത് താരമായ സാലയ്ക്കെതിരെ സക്കീര്‍ നായിക്ക് ഉള്‍പ്പെടെ ഒട്ടേറെ യാഥാസ്ഥിതിക മുസ്ലിം വിശ്വാസികള്‍ പ്രതികരിച്ചിരുന്നു.
എന്തായാലും ക്രിസ്മസ് ദിനത്തില്‍ സക്കീര്‍ നായിക്കിന്റെ ഫേസ് ബുക്ക് ക്രിസ്മസ് ആശംസാസന്ദേശങ്ങളാല് നിറഞ്ഞുകവിഞ്ഞിരുന്നു. ഇതോടെ മറ്റ് ഗത്യന്തരമില്ലാതെ സക്കീര്‍ നായിക്ക് ഈ പോസ്റ്റ് മുക്കി മുഖം രക്ഷിക്കുകയായിരുന്നു. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നതും ആശംസകള്‍ അറിയിക്കുന്നതും സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു സക്കീര്‍ നായിക്കിന്റെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: