യു.പി. സന്തോഷ്
‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്ന പഴംചൊല്ല് ചെറുതായി മാറ്റി ‘ഒന്നുകൊടുത്താല്‍ കൊല്ലത്ത് ഇരട്ടികിട്ടും’ എന്നാക്കിയാലോ എന്ന് തോന്നി ഇക്കൊല്ലത്തെ ഐഎഫ്എഫ്‌കെ സമാപിച്ചപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഐഎഫ്എഫ്‌ഐ ഗോവയില്‍ സമാപിച്ചപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കും അവരെ അനുകൂലിക്കുന്നവര്‍ക്കും അന്താരാഷ്‌ട്ര മത്സരത്തിന്റെ ജൂറി ചെയര്‍മാനില്‍ നിന്നു തന്നെ കണക്കിന് കിട്ടി എന്ന് ആര്‍ത്തുവിളിച്ച് തുള്ളിച്ചാടിയവരാണ് ഇപ്പോള്‍ വലിയ തിരിച്ചടികിട്ടി ഇളിഭ്യരായത്. ഗോവയില്‍ ജൂറി ചെയര്‍മാനായ ഇസ്രായേല്‍ സംവിധായകന്‍ നദവ് ലാപിഡിന് കൈയടിച്ചവരൊക്കെ കൊടുത്തതിന്റെ ഇരട്ടി വാങ്ങി വായ്പൂട്ടിയിരിപ്പാണിപ്പോള്‍.
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും പലായനദുരിതങ്ങളും ഇതിവൃത്തമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിനെതിരെ ഐഎഫ്എഫ്‌ഐയുടെ സമാപനച്ചടങ്ങില്‍ നദവ് ലാപിഡ് പരസ്യമായി പ്രതികരിച്ചത് വാര്‍ത്താശ്രദ്ധ നേടിയിരുന്നു. മോദിവിരുദ്ധ-ഇടത്അനുകൂല ബുദ്ധിജീവികളൊക്കെ സോഷ്യല്‍ മീഡിയകളില്‍ അത് ആവോളം ആഘോഷിക്കുകയും ചെയ്തു. നദവിനെ സമാപനദിവസത്തിന് മുമ്പ് ഒരുദിവസം മുഴുവന്‍ കാണാനില്ലായിരുന്നു എന്ന് കശ്മീര്‍ ഫയല്‍സിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേര്‍ ഉള്‍പ്പെടെ സിനിമാരംഗത്തെ പലരും വെളിപ്പെടുത്തുകയുണ്ടായി. അന്ന് ഇടതുപാളയത്തില്‍ ഒളിച്ചിരുന്ന് സമാപനദിവസം ആടേണ്ട നാടകത്തിന്റെ റിഹേഴ്‌സല്‍ നടത്തുകയായിരുന്നു ആ ജൂറി ചെയര്‍മാന്‍ എന്ന് വ്യക്തം. എന്തായാലും അദ്ദേഹം തന്റെ റോള്‍ നന്നായി അഭിനയിച്ചു. കശ്മീര്‍ ഫയല്‍സ് വെറും പ്രചാരണസിനിമയാണെന്നും കള്ളക്കഥകളാല്‍ മെനഞ്ഞതാണെന്നുമൊക്കെ തട്ടിവിട്ടു. എന്നാല്‍ രണ്ട് ദിവസത്തിനകം തന്നെ തന്റെ പ്രസ്താവനയില്‍ ഖേദിച്ചുകൊണ്ട് മാപ്പ് അപേക്ഷിക്കേണ്ടി വന്നു അദ്ദേഹത്തിന്.
ഇവിടെ കേരളത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. കേരളത്തില്‍ സിപിഎം സര്‍ക്കാരിന്റെയും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെയും (അങ്ങനെ നടിക്കുന്നുവരുടെയും) നേതൃത്വത്തിലുള്ള രാഷ്‌ട്രാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി (ഐഎഫ്എഫ്‌കെ) ഈ വര്‍ഷം സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം സമ്മാനിച്ചത് ഹംഗേറിയന്‍ സംവിധായകനായ ബേയ്‌ലാ ടാറിനാണ്. പത്ത് ലക്ഷം രൂപയുടെ അവാര്‍ഡാണ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്ന നിലയില്‍ എല്ലാവര്‍ഷവും ഐഎഫ്എഫ്‌കെയില്‍ നല്‍കുന്നത്. ഈ അവാര്‍ഡ് കമ്മ്യൂണിസ്റ്റ് മന്ത്രി വാസവനില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസമെന്നും ഇതുവരെ ഒരു നല്ല കമ്മ്യൂണിസ്റ്റിനെ താന്‍ കണ്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമനിലുകളാണെന്നും പറഞ്ഞു. ‘തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യത്വധ്വംസനങ്ങള്‍ക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസത്തെ ലോകനേതാക്കള്‍ ഉപയോഗിക്കുന്നത്. കമ്മ്യൂണിസവും മാര്‍ക്സിസവും എന്താണെന്ന് തിരിച്ചറിയാത്തവരാണ് ഇവരില്‍ നല്ലൊരു വിഭാഗവും. കമ്മ്യൂണിസത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ച എന്റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസുവരെ ഞാനൊരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. പില്‍ക്കാലത്ത് ഞാന്‍ ആരാധിച്ചവരൊക്കെ വ്യാജ കമ്മ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതുവരെ നടന്ന വഴികളില്‍ നിന്ന് തിരിഞ്ഞുനടക്കാന്‍ പഠിച്ചത്’.
കമ്മ്യൂണിസത്തിലൂടെയും സോഷ്യലിസത്തിലൂടെയും രക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തെ അറിയാമോ എന്ന് ബേയ്‌ലാ ടാര്‍ സദസ്സിനോട് ചോദിച്ചു. ‘ചൈനയുടെ പേര് നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ ചൈന മുതലാളിത്ത രാജ്യമാണ്. രാഷ്‌ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ കമ്മ്യൂണിസം ഉണ്ടെന്നു കരുതി ഭരണത്തില്‍ ആ തഴമ്പില്ല’. ചൈനയുടെ ഇന്നത്തെ പുരോഗതിക്കു കാരണം മുതലാളിത്തമാണെന്ന് താന്‍ പറയുമെന്നും ടാര്‍ പറഞ്ഞു. കമ്മ്യൂണിസത്തിലൂടെ തകര്‍ന്നടിഞ്ഞ രാജ്യങ്ങളുടെ ഒരു നിരതന്നെ നമുക്ക് മുന്നിലുണ്ടെന്ന് പോളണ്ട്, ഹംഗറി, ഈസ്റ്റ് ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങളുടെ പേര് പറഞ്ഞുകൊണ്ട് ടാര്‍ ചൂണ്ടിക്കാട്ടി. സോഷ്യലിസത്തില്‍ കെട്ടിപ്പൊക്കിയ യുഎസ്എസ്ആറിന്റെ ഗതിയെന്തായി? പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ഇന്ന് ദാരിദ്ര്യത്തിലാണ്. കമ്മ്യൂണിസത്തിന്റെ ഒപ്പംവരുന്നതാണ് ഏകാധിപത്യം. സ്റ്റാലിന്‍ മുതല്‍ കിം ജോങ് ഉന്‍ വരെ എത്രയെത്ര ക്രൂരന്മാരായ ഭരണാധികാരികള്‍. ഭരണം നേടിയെടുക്കാന്‍ മതവിശ്വാസികളെ പ്രീണിപ്പിക്കുകയും അധികാരത്തിലെത്തിയാല്‍ വിശ്വാസദര്‍ശനങ്ങള്‍ നിഷ്‌കാസനും ചെയ്തും പദ്ധതികള്‍ നടപ്പാക്കിയ കമ്മ്യൂണിസത്തിന്റെ വളര്‍ച്ച ചരിത്രത്തിലെ കറുത്ത ഏടാണെന്നും ബേയ്‌ല ടാര്‍ വിമര്‍ശിച്ചു.
. 32 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തില്‍ നിന്ന് 1989ല്‍ ജനാധിപത്യത്തിലേക്ക് മാറിയ ഹംഗറി എന്ന മധ്യയൂറോപ്യന്‍ രാജ്യത്തില്‍ നിന്നുള്ള ബേയ്‌ലാ ടാര്‍ എന്ന സംവിധായകന്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്ന കാര്യം അദ്ദേഹത്തെ അവാര്‍ഡിന് നോമിനേറ്റ് ചെയ്ത കമ്മ്യൂണിസ്റ്റ് ജൂറി മനസ്സിലാക്കിയിട്ടുണ്ടാകില്ല. തന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമകള്‍ക്ക് ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന ചലച്ചിത്രകാരനാണ് ടാര്‍.
ടാറിന്റെ പല സിനിമകളും കമ്മ്യൂണിസ്റ്റ് ഭരണഭീകരതയെ തുറന്നുകാട്ടുന്ന ചിത്രങ്ങളാണ്. ഷാത്താന്‍തോംഗോ എന്ന അദ്ദേഹത്തിന്റെ സിനിമ മികച്ച ഉദാഹരണമാണ്. കമ്മ്യൂണിറ്റി ഫാമിങ്ങ് എന്ന കമ്മ്യൂണിസ്റ്റ് കൂട്ടുകൃഷി തിയറിയുടേയും പ്രയോഗത്തിന്റേയും വമ്പന്‍ പരാജയം മൂലം ഹംഗേറിയന്‍ ഗ്രാമങ്ങളുടെ പൂര്‍ണ്ണമായ സാമ്പത്തിക തകര്‍ച്ചയെ സംബന്ധിയ്‌ക്കുന്നതാണ് ഈ ചിത്രത്തിന്റെ വിഷയം. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ ചിലത് അതിശക്തമായി കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്നവയാണെന്നും മേളയെ വിലയിരുത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. പന്ത്രണ്ടാം വയസ്സില്‍ എസ്എഫ്‌ഐക്കാരനായിരുന്നു എന്നൊക്കെ പുരപ്പുറത്ത് കയറിനിന്ന് വിളിച്ചുകൂവുന്ന സംവിധായകന്‍ രഞ്ജിത്തിന് സമകാലീന ലോകസിനിമയെ കുറിച്ച് നേരിയ ഒരു ധാരണപോലുമില്ലെന്നതിന്റെ തെളിവാണിതൊക്കെ. വിമര്‍ശിക്കുന്നവന്റെ കഴുത്തറുക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍, അവരുടെ ഹൃദയവിശാലതയും പ്രതിപക്ഷബഹുമാനവും കൊണ്ടാണ് ടാറിനെ അവാര്‍ഡ് നല്‍കി ആദരിച്ചതിന് പിന്നിലെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളത്തിലെ ജനങ്ങള്‍ എന്നെങ്കിലും സിപിഎം ഭരണനേതൃത്വവും ചലച്ചിത്ര അക്കാദമി ഭരിക്കുന്നവരും ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: