ശിവഗിരി : ശ്രീനാരായണ ഗുരുദേവ ദര്‍ശനം ഈ സമൂഹത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഗൃഹസ്ഥ ശിഷ്യപ്രമുഖനായിരുന്നു മഹാകവി കുമാരനാശാനെന്ന് എറണാകുളം കാഞ്ഞിരമറ്റം ആശ്രമത്തിലെ നിത്യചിന്‍മയി അഭിപ്രായപ്പെട്ടു.
90-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്നു വരുന്ന ഗുരുധര്‍മ്മ പ്രബോധനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിനി. കുമാരുവിനെ മഹാകവി കുമാരനാശാനായി ലോക സമക്ഷം അവതരിപ്പിക്കുന്നതിന് ഗുരുദേവന് കഴിഞ്ഞു. അതിന് ഗുരുവിന് താല്‍പ്പര്യമായത് കുമാരനാശാന്റെ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളായിരുന്നു. തൂലിക പടവാളാക്കിയ ആശാന്‍ അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് പ്രേരണ നല്‍കുന്ന ആശയങ്ങളാണ് മുന്നോട്ട് വച്ചത്. ആരുടേയും ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്ന ഈ കൃതികളില്‍ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, നളിനി, വീണപൂവ് തുടങ്ങിയ കൃതികള്‍ ഈ മനസ്സുകളില്‍ ഇന്നും മായാതെ നിലകൊള്ളുന്നു. ജീവിത പ്രതിസന്ധികളെ കവിതയിലൂടെ അവതരിപ്പിച്ച ആശാനെ തലമുറകള്‍ എന്നും സ്മരിക്കുമെന്നും സ്വാമിനി നിത്യചിന്‍മയി തുടര്‍ന്നു പറഞ്ഞു.
ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബാബുരാജ് വട്ടോടില്‍, ധന്യാവത്സന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് 10.30 ന് (25-12-2022) അന്ധവിശ്വാസ ദൂരീകരണം ഗുരുദേവ ദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ സ്വാമി മുക്താനന്ദ യതി പ്രഭാഷണം നടത്തും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: