മാര്‍ ജോര്‍ജ് കര്‍ദിനാള്‍ ആലഞ്ചേരി
(മേജര്‍ ആര്‍ച്ച്ബിഷപ്പ്, സീറോമലബാര്‍ സഭ)
ബൈബിളിലെ ഉല്പത്തിപുസ്തകത്തില് മൂന്നാം അധ്യായത്തില്‍ ഇങ്ങനെ ഒരു വാചകമുണ്ട്. ‘വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവു തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു.’ ആദ്യപുരുഷന്റെയും സ്ത്രീയുടെയും വിവരണത്തിലാണ് ഇപ്രകാരം പറയുന്നത്. അവര്‍ ദൈവകല്പന ലംഘിച്ചിരുന്നതിനാല്‍ ദൈവത്തില്‍നിന്നകന്നു മരങ്ങള്‍ക്കിടയിലൊളിച്ചു എന്നും പറയുന്നുണ്ട്. മനുഷ്യനോടു നേരിട്ടു ബന്ധപ്പെടാനാഗ്രഹിക്കുന്ന ദൈവത്തില്‍നിന്നു മാറിപ്പോകുന്ന മനുഷ്യനെ നയിക്കാന്‍ ദൈവം പ്രവാചകന്മാര്വഴി അവരോടു സംസാരിക്കുകയും അവരെ വഴിനടത്തുകയും ചെയ്യുന്നതായി ബൈബിളില്‍ നാം കാണുന്നു. എന്നാല്‍, പ്രവാചകവചനങ്ങളും ഭാഗികമായിമാത്രം സ്വീകരിക്കുന്ന ജനങ്ങളെയാണ് ബൈബിളിന്റെ ചരിത്രത്തില്‍ നമുക്കു കാണാന്‍ കഴിയുന്നത്. അതിനാല്‍, ‘ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു’ എന്ന് ഹെബ്രായലേഖനത്തില്‍ നാം വായിക്കുന്നു.
മനുഷ്യരോടുകൂടെ നടക്കാനും അവരോടു സംസാരിക്കാനും കൂടെ വസിക്കാനുമുള്ള ദൈവത്തിന്റെ തീരുമാനമാണു ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെ സംഭവിച്ചത്. ‘വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു (യോഹ: 1:14). മനുഷ്യജീവിതത്തില്‍ ഉള്‍ച്ചേരാന്‍ ആഗ്രഹിക്കുന്ന ദൈവം തന്റെ പുത്രന്റെ മനുഷ്യപ്പിറവിയിലൂടെ അതു സാധ്യമാക്കി. ഇനിമുതല്‍ ദൈവം മനുഷ്യനോടുകൂടിയാണ്. ‘കന്യക ഗര്‍ഭംധരിച്ചു ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന് വിളിക്കപ്പെടും’ (മത്താ 1:22). ഈ പ്രവചനമാണ് ഈശോയില്‍ നിറവേറിയത്. ഈശോ അത് അക്ഷരാര്‍ത്ഥത്തില്‍ നിര്‍വഹിച്ചു.
അവിടത്തെ ജീവിതം ഒരു യാത്രയായിരുന്നു; മനുഷ്യരോടുകൂടിയുള്ള യാത്ര. മുപ്പതുവര്‍ഷത്തെ അവിടത്തെ യാത്ര മാതാപിതാക്കളായ യൗസേപ്പിതാവിനോടും മറിയത്തോടും മറ്റ് ബന്ധുമിത്രാദികളോടും റബ്ബിമാരോടും ജറുസലേം ദൈവാലയത്തിലെ ശുശ്രൂഷകരോടും ചേര്‍ന്നായിരുന്നു. പരസ്യജീവിതത്തിനുമുന്‍പ് ഖുമ്റാന് സമൂഹത്തില്‍ താപസജീവിതമനുഷ്ഠിച്ച് പഴയനിയമഗ്രന്ഥങ്ങളില്‍ അവഗാഹം നേടിയെന്നു ഒരു ഗവേഷണപഠനം സമര്‍ത്ഥിക്കുന്നു. പരസ്യജീവിതക്കാലം മുഴുവന്‍ ഈശോയെ സംബന്ധിച്ചിടത്തോളം മനുഷ്യരോടുകൂടെയുള്ള ഒരു നടപ്പായിരുന്നു. ജറുസലേം ദൈവാലയത്തിലും സിനഗോഗുകളിലും മലമുകളിലും കടല്‍ത്തീരത്തും ഭവനങ്ങളിലും വിരുന്നുകളിലും രോഗികളുടെ ഇടയിലും പാപികളോടും ചുങ്കക്കാരോടുമൊപ്പവുമൊക്കെ ഈശോ നടന്നു. ജനങ്ങളോട് ഒറ്റയ്ക്കും കൂട്ടങ്ങളിലും സംസാരിച്ചു. മനുഷ്യനെ സംബന്ധിച്ചിടത്തോളമുള്ള ദൈവത്തിന്റെ ഹിതം അവിടന്നു വെളിപ്പെടുത്തി. ദൈവകല്പനകളുടെ പൂര്‍ത്തീകരണം അവരെ പഠിപ്പിച്ചു. എല്ലാ കല്പനകളും സ്നേഹമെന്ന ഒരു കല്പനയില് സംക്ഷിപ്തമായിരിക്കുന്നുവെന്നു പ്രബോധിപ്പിച്ചു.
സ്നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ ഈശോ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സ്നേഹിതര്‍ക്കുവേണ്ടി ജീവന് ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലായെന്നു സ്വന്തം ജീവിതബലിയിലൂടെ സാക്ഷ്യപ്പെടുത്തി. മനുഷ്യര്‍ക്കു സ്വമേധയാ സാധിക്കാതിരുന്ന സ്നേഹജീവിതം അവര്‍ക്കു സാധ്യമാക്കുവാനായി ഈശോ സ്വന്തം ജീവിതത്തെ സമര്‍പ്പിച്ചു. അവിടത്തെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മനുഷ്യനു തിന്മയില്നിന്നുള്ള വിമോചനവും നന്മചെയ്യാനുള്ള ശക്തിയും ലഭിച്ചു. ഈശോയുടെ തിരുപ്പിറവി മനുഷ്യരാശിയുടെ പ്രാരംഭാനുഭവമാണ്. ആ രക്ഷ അവിടത്തെ ജീവിതംമുഴുവനിലൂടെയും മനുഷ്യര്‍ക്കു സംലഭ്യമാകുന്നു. ദൈവവചനവും അവിടത്തെ ദൈവാത്മചൈതന്യം നല്കുന്ന കൂദാശകളും എല്ലാറ്റിനുമുപരി വിശുദ്ധ കുര്‍ബാനയാകുന്ന അര്‍പ്പണവും ഈ രക്ഷയുടെ ശക്തി മനുഷ്യനു നിരന്തരം നല്കിക്കൊണ്ടിരിക്കുന്നു.
മനുഷ്യരോടുകൂടെ നടക്കാന്‍വന്ന ദൈവം ഒന്നിച്ചുനടക്കാന് നമ്മെയും ആഹ്വാനം ചെയ്യുന്നു. നാമെല്ലാവരും സഹയാത്രക്കാരാണ്. ‘ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്’ എന്ന് സ്കൂളുകളില്‍ നാം കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നുണ്ടല്ലോ. ഭാരതീയര്‍ മാത്രമല്ല എല്ലാ മനുഷ്യരും നമ്മുടെ സഹോദരിസഹോദരന്മാരാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആര്‍ഷവാക്യവും നമുക്കനുസ്മരിക്കാം. ഫ്രാന്‍സിസ് പാപ്പപറയുന്നു. ഈ ഭൂമിയില്‍ സൃഷ്ടിക്കപ്പെടുന്ന എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ് (ഫ്രത്തേല്ലി തൂത്തി). ഈ സാഹോദര്യവും പരസ്പരമുള്ള ശുശ്രൂഷയും നിര്‍വഹിക്കാന്‍ മനുഷ്യജന്മമെടുത്ത ദൈവപുത്രനിലൂടെ മനുഷ്യര്‍ക്കു രക്ഷ നല്കിയ ദൈവം നമ്മോടാവശ്യപ്പെടുന്നു. അപ്രകാരം മനുഷ്യസമൂഹത്തില്‍ ഐക്യവും കൂട്ടായ്മയും ഉണ്ടാകണം. ദൈവത്തിന്റെ മഹത്വം മനുഷ്യരിലൂടെയാണ് പ്രകാശിതമാകേണ്ടത്. ഈശോയുടെ ജനനത്തില്‍ മാലാഖമാര്‍ പാടി: ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം’ (ലൂക്കാ 2:14).
പ്രതികരിക്കാൻ ഇവിടെ എഴുതുക: