ന്യൂദല്‍ഹി: ആഗോള തലത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്.
ഇവിടങ്ങളില്‍ നിന്നെത്തുന്ന ആര്‍ക്കെങ്കിലും പരിശോധനയില്‍ പോസിറ്റീവ് ആയാലോ ലക്ഷണങ്ങളുണ്ടെങ്കിലോ അവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. യാത്രക്കാരുടെ ആരോഗ്യ നില സാക്ഷ്യപ്പെടുത്തുന്നതിനായി എയര്‍ സുവിധ എന്ന ഫോം പൂരിപ്പിച്ചു നല്‌കേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലെ നിരീക്ഷണങ്ങള്‍ ശക്തമാക്കണം. ജാഗ്രത പാലിക്കണം. മുന്നോരുക്കങ്ങള്‍ സ്വീകരിക്കണമെന്നുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശങ്ങള്‍ നല്കിയിരുന്നു. ഒരോ വിമാനത്തിലുമെത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനത്തെ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്കി. കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപകമാകാതിരിക്കാനുള്ള മുന്‍കരുതലാണിത്. മുന്‍പ് കൊവിഡ് എങ്ങനെയാണോ നിയന്ത്രിച്ചത്, അതേപോലെ നിലവിലും സംസ്ഥാനവും കേന്ദ്രവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അടുത്തു വരുന്ന ഉത്സവകാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, അവശ്യമരുന്നുകളുടെ ലഭ്യത എന്നിവയെല്ലാം വ്യക്തിപരമായി തന്നെ പരിശോധിച്ച് വിലയിരുത്തണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: