തിരുവനന്തപുരം: ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ജനുവരി അഞ്ചിന് സമാപിക്കും. ഡിസംബര്‍ 15ന് വിപുലമായ പരിപാടികളോടെ ആയിരുന്നു തുടക്കം. ശ്രീനാരായണ ഗുരുദേവന് കല്‍പ്പിച്ചനുവദിച്ച ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ചതിന്റെ പുണ്യവുമായാണ് ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം കടന്നുവരുന്നതെന്ന് ശിവഗിരി അറിയിച്ചു.
ഗുരുദേവന് ഉപദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ വര്‍ത്തമാനകാല ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്ക്കരിക്കുന്ന 13 സമ്മേളനങ്ങളാണ് തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.
വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന്റെയും മഹാകവി കുമാരനാശാന്റെ ‘ചണ്ഡാല ഭിക്ഷുകിയുടെ രചനാശതാബ്ദി’യുടെയും ആഘോഷങ്ങളും ഇതോടൊപ്പം നടക്കുന്നു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ അഥവാ മഹാപാഠശാലയുടെ കനക ജൂബിലി ആഘോഷങ്ങളോടനുബന്ധമായി ഇന്ത്യയ്ക്കകത്തും പുറത്തും സംഘടിപ്പിച്ച ആദ്ധ്യാത്മിക സാംസ്കാരിക പരിപാടികളുടെ സമാപനവും ഈ അവസരത്തില്‍ നടക്കും.
ഡിസംബര്‍ 30, രാവിലെ 9 30ന് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശ പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരന് മുഖ്യാതിഥി ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: